സംസ്ഥാനത്ത് പെട്രോൾ വില 90 രൂപ കടന്നു ! ഒപ്പമെത്താൻ ഡീസലും, ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില 90 രൂപ കടന്നു. ഒപ്പമെത്താൽ ഡീസൽ വിലയും കുതിക്കുകയാണ്.ഇന്ന് ഒരു ലിറ്റർ പെട്രോളിന് 90.02 രൂപയാണ് വില. ഡീസലിന് 84.28 രൂപയും. ഇതോടെ കേരളത്തിലെ ഇന്ധന വില സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്.

കഴിഞ്ഞ നാല് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 19 പൈസയും ഡീസലിന് ഒരു രൂപ 32 പൈസയുമാണ് വർധിച്ചത്. ഇന്ന് മാത്രം കേരളമുൾപ്പടെയുള്ള രാജ്യത്തെ വിവിധ നഗരങ്ങളിൽ പെട്രോളിന് 29 പൈസയുടെയും ഡീസലിന് 37 പൈസയുടെയും വർധനയാണുണ്ടായത്. രാജ്യത്തെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സർവകാല റെക്കോർഡാണ് ഇന്ന്‌ മറികടന്നത്.

കൊച്ചിയിൽ പെട്രോളിന് 88.07 രൂപയാണ് വില. ഡീസലിന് 82.41 രൂപയും. കോഴിക്കോട് 88.44 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 82.80 രൂപയും. പ്രധാന മെട്രോനഗരങ്ങളായ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെല്ലാം ഇന്ധന വില റെക്കോർഡിലെത്തി. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 88.14 രൂപയാണ് വില. ഡീസലിന് 78.38 രൂപയാണ് വില. മുംബൈയിൽ പെട്രോളിനും ഡീസലിനും തീവിലയാണ്. ഒരു ലിറ്റർ പെട്രോളിന് 94.64 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 84.94 രൂപയും.

ആഗോള അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉൽ‌പന്നങ്ങളുടെ ആവശ്യകത ഉയർന്നതും കൊവിഡ് -19 നുള്ള വാക്സിൻ ലഭിക്കാനുള്ള സാധ്യതയുമാണ് ഇന്ധന വില വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ. കൂടാതെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നതും ഇന്ധനവില വർധനവിന് കാരണമാകുന്നു.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ആഗോള ക്രൂഡ് ഓയിൽ വിലയും കുതിച്ചുയരുകയാണ്. ഇന്ന് ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) ഇന്ന് 60.77 ഡോളറാണ് വില. 72.80 രൂപയിലാണ് ഇന്ന് ഡോളർ വിനിമയം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here