ഇന്ധനവിലയില്‍ വെന്ത് ജനം;  ശക്തിയറ്റ പ്രതിപക്ഷം  ‘മറ്റൊരു ദുരന്തം’

0
 ഇന്ധവില പിടിച്ചാല്‍ കിട്ടാത്തവിധം ഉയരത്തിലേക്ക്. സര്‍വ്വകാല റെക്കോഡിട്ട് ലിറ്ററിന് 78.61 രൂപ തിരുവനന്തപുരത്തും കൊച്ചിയില്‍ 77.46 രൂപയുമായി. ഡീസലിന് യഥാക്രമം 71.33, 70.45 രൂപയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ഡീസല്‍ വില  മൂന്നരരൂപയും പെട്രോള്‍ വില രണ്ടരരൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില പകുതിയോളം മാത്രം ഉള്ളപ്പോഴാണ് രാജ്യത്ത് എണ്ണക്കമ്പനികളുടെ കൊള്ളയ്ക്ക് ഭരണകൂടം ഒത്താശചെയ്യുന്നത്. യാത്രാചെലവും കുടുംബബജറ്റും താറുമാറാക്കുന്ന നടപടിയില്‍ പ്രതിക്ഷപ്രതിഷേധവും തീരെയില്ല. ഡീസല്‍ വില വര്‍ദ്ധനവോടെ ഓട്ടോ-ടാക്‌സിക്കാരും പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികളെയും ഇത് ഗുരുതരമായി ബാധിക്കും. നഷ്ടക്കണക്കില്‍ പൊറുതിമുട്ടുന്ന കെ.എസ്.ആര്‍.ടി.സിയും ഡീസല്‍വിലവര്‍ദ്ധനവിന്റെ ആഘാതത്തിലാണ്.
ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനയും പണപ്പെരുപ്പ നിരക്ക് ഉയരാനും ഇടയാക്കുന്നവിധത്തിലാണ് എണ്ണവില ഉയരങ്ങളിലേക്ക് കുതിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യാന്തരവിപണിയില്‍ ബാരലിന് 73.51 ഡോളര്‍മാത്രമാണുണ്ടായിരുന്നത്.
കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചാല്‍ ഇന്ധനവിലയില്‍ കുറവുണ്ടാകും. പൊതുജനത്തിന്റെ ഈ ആവശ്യത്തോട് ഭരണകൂടം അനുകൂലമായി പ്രതികരിക്കുന്നുമില്ല. അത് നേടിയെടുക്കുംവിധം ജനകീയപ്രതിഷേധത്തെ സമരാഗ്നിയാക്കി മാറ്റാന്‍ മാത്രം കരുത്തുള്ള പ്രതിപക്ഷം ഇല്ലാതെപോകുന്നൂവെന്ന ദാരുണാവസ്ഥയിലാണ് രാജ്യം. അതുതന്നെയാണ് രാജ്യവും സംസ്ഥാനവും നേരിടുന്ന മഹാദുരന്തവും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here