ന്യൂഡല്‍ഹി | നാലു മാസത്ത ഇടവേളയ്ക്കുശേഷം ആ തീരുമാനം വന്നു. രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി തുടങ്ങി. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിനു 85 പൈസയുമാണ് കൂട്ടിയത്. പാചക വാതക സിലിണ്ടറിന്റെ വിലയിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞശേഷമാണ് ഇപ്പോഴത്തെ വര്‍ധന.
137 ദിവസത്തിനുശേഷം ഉണ്ടായിരിക്കുന്ന ഇന്ധനവിലയിലെ മാറ്റം മാര്‍ച്ച് 22നു രാവിലെ ആറു മുതല്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഡീലര്‍മാരെ അറിയിച്ചു. ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ എന്ന റെക്കോര്‍ഡ് കടന്നിട്ടും ഇതുവരെ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചിരുന്നില്ല.
വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു. 2021 നവംബറിലായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്.