കുലുക്കമില്ലാതെ സര്‍ക്കാരുകള്‍, ഇന്ധന വില 100 പിടിക്കുമോ ?

0

വര്‍ഷം കൂടുമ്പോള്‍ ഒരു രൂപയെങ്ങാനും കൂട്ടിയിരുന്ന കാലവും അപ്പോഴത്തെ പ്രതിഷേധവുമെല്ലാം എല്ലാവരും മറന്നിട്ട് കാലങ്ങളായി. 50- 100 എന്നിങ്ങനെ നോട്ടുകൊടുത്ത് കിട്ടുന്ന പെട്രോള്‍ വണ്ടിയിലൊഴിച്ച് പോകുന്ന പതിവിലേക്ക് മാറിയതോടെ ഒരു ലിറ്ററിന്റെ വില നെടുവീര്‍പ്പോടെ നോക്കിനില്‍ക്കയാണ് ജനം.

തിരുവനന്തപുരത്ത് പെട്രോളിന് 38 പൈസയും ഡിസലിന് 24 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പെട്രോള്‍ വില 82 രൂപയും ഡീസല്‍ വില 74.60 രൂപയുമായി.100 ലെത്താന്‍ 20 രൂപകൂടിയേയുള്ളൂ. ഇനി 100 രൂപനോട്ടെറിഞ്ഞാല്‍ 1 ലിറ്റര്‍ പെട്രോള്‍മാത്രം വണ്ടിയില്‍നിറയുന്ന കാലത്തിലേക്ക് രാജ്യം കുതിക്കുകയാണ്.

കര്‍ണ്ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്നാഴ്ച അനക്കമില്ലാതെ തുടര്‍ന്ന ഇന്ധനവില പൂര്‍വ്വാധികം ശക്തിയോടെ കുതിച്ചുയരുകയാണ്. ജനത്തെ പിഴിഞ്ഞ് ദിനംപ്രതി കോടികള്‍ കീശയിലാക്കുന്ന എണ്ണക്കമ്പനികള്‍ക്ക് കൂട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന് ഒരു മയവുംവന്നിട്ടില്ല. കര്‍ണ്ണാടക നാടകത്തിനൊടുവില്‍ നാണംകെട്ടുനില്‍ക്കുന്ന ബി.ജെ.പിയെ വീണ്ടും പ്രതിരോധത്തിലാഴ്ത്താന്‍ പ്രതിപക്ഷത്തിന് ഇന്ധനവിലയോളം പോന്ന മറ്റൊരു വിഷയമില്ല. എന്നിട്ടും കോണ്‍ഗ്രസടക്കമുള്ള നിര മൗനത്തിലാണ്.

രാജ്യാന്തര വിപണിയില്‍ എണ്ണവിലയുയരുകയാണ്. ഇതോടെ ഇന്ത്യയില്‍ എണ്ണവില 100ല്‍ തൊടാന്‍ അധികസമയംവേണ്ട. കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകളുടെ നികുതി ഒഴിവാക്കിയാല്‍ മാത്രമേ ജനത്തിന് എന്തെങ്കിലും പ്രയോജനം ലഭിക്കുകയുള്ളൂ. ജനകീയപ്രതിഷേധത്തിന്റെ മുഖമാകാന്‍ പ്രാപ്തിയുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയും രാജ്യത്ത് അവശേഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഇന്ധന വില വര്‍ദ്ധനവിനു പുറമേ ഇതിന്റെ പ്രത്യാഘാതങ്ങള്‍ വിപണിയില്‍ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. പല നിത്യോപയോഗ സാധനങ്ങളുടെയും വില കൂടി തുടങ്ങി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here