ചെറുതോണിയിലൂടെ സെക്കന്‍ഡില്‍ ലക്ഷകണക്കിനു ലിറ്റര്‍ വെള്ളം ഒഴുകി തുടങ്ങി, പെരിയാര്‍ തീരത്ത് ആശങ്ക

0

എറണാകുളം: ചെറുതോണിയുടെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ 1,20,000 ലിറ്റര്‍ ജലം ചെറുതോണിപ്പുഴയിലൂടെ ഒഴുകിത്തുടങ്ങി. ഇതു മൂന്നു ലക്ഷവരെയാക്കേണ്ട സ്ഥിതി.

കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ ലഭിച്ച മഴ കണക്കു കൂട്ടലുകള്‍ തെറ്റിച്ചതോടെയാണ് മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സ്ഥിതിയിണ്ടാക്കിയത്. പത്തു മിനിട്ടിനുള്ളില്‍ തന്നെ ചെറുതോണിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മൂന്നു ഷട്ടറുകളും തുറന്നശേഷമുള്ള ആദ്യ മണിക്കൂര്‍ എല്ലാം പ്രതീക്ഷിച്ചപോലെ സുരക്ഷിതമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ചെറുതോണി പാലത്തിന് മുകളിലൂടെയുളള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ജലം ഉയരുന്നത് കരയിലേക്കു വെള്ളം കയറുമോയെന്ന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തുകയോ ഉയര്‍ത്തിയ ഷട്ടറുകളുടെ ഉയരം കൂട്ടുകയോ ചെയ്താല്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് വര്‍ദ്ധിക്കും. മഴയുടെയും നീരൊഴുക്കിന്റെയും സ്ഥിതി പരിഗണിക്കുമ്പോള്‍ കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരും. സെക്കന്‍ഡില്‍ ഒഴുക്കുന്ന വെള്ളം കുറഞ്ഞത് ഇരട്ടിയിലെങ്കിലുമെത്തും.

ചെറുതോണിപ്പുഴ കരകവിയുന്നത് ഇടുക്കി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി വില്ലേജുകളിലുള്ള നിരവധി കുടുംബങ്ങളെ ബാധിക്കും. കൂടുതല്‍ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. തടിയമ്പാട് പ്രദേശത്തെ ചപ്പാത്തിനു മുകളിലൂടെയാണ് ഇപ്പോള്‍ വെള്ളം ഒഴുകുന്നത്.

ചെറുതോണിപ്പുഴയില്‍ നിന്നു വെളളം, കല്ലാര്‍കുട്ടി ഡാമില്‍ നിന്നുള്ള വെള്ളവുമായി സംഗമിച്ച് ലോവര്‍ പെരിയാറിലേക്ക് ഒഴുകും. വനമേഖലയിലൂടേയും നാട്ടിന്‍പുറങ്ങളിലൂടെയും ഒഴുകി ലോവര്‍ പെരിയാര്‍ അണക്കെട്ടിലെത്തും. ഈ അണക്കെട്ട് ഇപ്പോഴേ തുറന്ന നിലയിലാണ്. ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം ഇതുവഴി കടന്ന് കിലോമീറ്ററുകള്‍ ഒഴുകി ഭൂതത്താന്‍ അണക്കെട്ടിലെത്തും. ചെറുതോണി അണക്കെട്ട് തുറക്കുന്നതിനു മുമ്പ് തന്നെ മുന്‍കരുതല്‍ നപടിയെന്നോണം ഭൂതത്താന്‍ അണക്കെട്ട് ഭാഗികമായി തുറന്നിട്ടുണ്ട്. പിന്നെ കാലടി വഴി ആലുവയിലേക്ക്. ഏലൂര്‍ വ്യവസായ മേഖലയിലൂടെ ഒഴുകി അവസാനം വേമ്പനാട്ട് കായലിലും അറബിക്കടലിലും വെള്ളം എത്തിച്ചേരും.

പെരിയാറിന്റെ കൈവഴികളൊക്കെ നിലവില്‍ തന്നെ നിറഞ്ഞൊഴുകുകയാണ്. ആലുവ അടക്കമുള്ള പല ജനവാസ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പ്രധാന റോഡുകളും വീടുകളുമെല്ലാം വെളളത്തില്‍ മുങ്ങിക്കഴിഞ്ഞു. നിലവില്‍ തന്നെ ഇവിടെ വെളളപ്പൊക്കത്തിന്റെ ദുരിതം മുഴുവന്‍ പേറുന്നതിനാല്‍ ഇടുക്കി അണക്കെട്ടിലെ വെളളം കൂടി ഒഴുകി വന്നാല്‍ എന്തായിരിക്കും അവസ്ഥ എന്നുളളത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

വെളളം ഒഴുകിപോകുന്ന പുഴയുടെ ഇരുവശങ്ങളിലുമായി ഇടുക്കിയില്‍ മാത്രം നൂറു മീറ്ററിനുള്ളില്‍ 4,500 കെട്ടിടങ്ങളുണ്ട്. എറണാകുളത്തെ സ്ഥിതിയും വ്യത്യസ്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here