പ്രസിഡന്റിന്റെ രാജിക്കായി ജനം തെരുവില്‍, ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഇന്ത്യന്‍ അതിര്‍ത്തി അടച്ചു

കൊളംബോ | ജനകീയ പ്രതിഷേധം തെരുവില്‍ ശക്തമായതോടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഭയാര്‍ത്ഥി പ്രവാഹം കണക്കിലെടുത്ത് തലൈമണ്ണാരം ഭാഗത്തെ ഇന്ത്യയുമായുള്ള അതിര്‍ത്തികള്‍ അടച്ചു.

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ലക്ഷങ്ങള്‍ തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ നീക്കം. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കു കാരണം പ്രസിഡന്റാണെന്നും അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഔദ്യോഗിക വസതിക്ക് മുന്നില്‍ നടന്ന പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കൊളമ്പോയിലെ സ്വാതന്ത്ര്യ സമര സ്മാരകത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്ന് പ്രതിഷേധ മാര്‍ച്ചുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പ്രസിഡന്റിന്റെ പുതിയ നീക്കം.

പ്രക്ഷോഭത്തെ നേരിടാന്‍ ആദ്യം നഗരത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോള്‍ രാജ്യത്തു മുഴുവനായും വ്യാപിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നത്.

പ്രതിന്ധിക്കിടെ നിരവധി പേരാണ് രാജ്യത്തു നിന്നു പാലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലേക്കുള്ള അതിര്‍ത്തികളില്‍ പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇന്ത്യയിലേക്ക് എത്താന്‍ ശ്രമിക്കുന്നതു കൂടി പരിഗണിച്ചാണ് ശ്രീലങ്കയുടെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here