തിരുവനന്തപുരം: തലസ്ഥാനത്ത് ബസുകാത്തുനിന്ന് കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു. പോലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്കിലേക്കു കടന്നതോടെയാണ് കടകംപളളി സ്വദേശി സുരേന്ദ്രന്‍ (60) കുഴഞ്ഞു വീണത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കിഴക്കേകോട്ട ബസ് ടെര്‍മിനലിലാണ് ഇദ്ദേഹം ഉച്ചമുതല്‍ ബസുകാത്തു നിന്നത്. രാവിലെ പതിനൊന്നോടെ ആരംഭിച്ച പണിമുടക്ക് വൈകുന്നേരം മൂന്നര മണിയോടെയാണ് പിന്‍വലിക്കപ്പെട്ടത്. എം.ജി. റോഡില്‍ ബസുകള്‍ കൂട്ടത്തോടെ നിര്‍ത്തിയിട്ടാണ് ജീവനക്കാര്‍ പണിമുടക്കിയത്. ഇതോടെ നഗരം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായിരുന്നു. കിഴക്കേക്കോട്ട മുതല്‍ സെക്രട്ടേറിയറ്റുവരെ എം.ജി. റോഡില്‍ മാത്രം അഞ്ഞുറോളം ബസുകള്‍ സമരത്തിന്റെ ഭാഗമായി സ്ഥാനം പിടിച്ചിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത എ.ടി.ഒയെ വിട്ടയക്കാന്‍ തീരുമാനിച്ചതോടെയാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്. ബുധനാഴ്ച രാവിലെയാണ് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷല്‍ ബസ് സര്‍വീസിനെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാരും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത്. അനധികൃത സര്‍വീസ് നടത്തിയെന്നാരോപിച്ച് സ്വകാര്യ ബസ് തടഞ്ഞ കെ.എസ്.ആര്‍.ടി.സി. എ.ടി.ഒയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കുണ്ടായത്. കിഴക്കേക്കോട്ടയില്‍ നിന്നുള്ള സര്‍വീസുകളാണ് ആദ്യം നിര്‍ത്തിവച്ചത്. പിന്നാലെ തമ്പാനൂര്‍, നെടുമങ്ങാട് തുടങ്ങി മറ്റു ഡിപ്പോകളിലും സമരം തുടങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here