സര്‍ക്കാരിന് ‘കുരിശ്’ തീര്‍ക്കുന്ന മലനിരകള്‍

0

വിശ്വാസികള്‍ക്ക് ആശ്വാസം നല്‍കി വോട്ടുബാങ്ക് തിരികെ പിടിക്കാനൊരുങ്ങുന്ന ഇടത് സര്‍ക്കാരിനെ വെട്ടിലാക്കി മലനിരകളിലെ ‘കുരിശു കൃഷി’. ശബരിമലവിഷയത്തില്‍ കൈപൊള്ളിയ സര്‍ക്കാരിന് ശബരിമല അയ്യപ്പന്റെ ഐതീഹ്യത്തില്‍ പരാമര്‍ശിക്കപ്പെടുന്ന 18 മലനിരകളില്‍ ഒന്നായ പഞ്ചാലിമേട് കൈയേറി സ്ഥാപിച്ച കുരിശ് വിഷയവും ഊരാക്കുടുക്കാകുകയാണ്. പ്രശ്‌നം ഹിന്ദുഐക്യവേദി ഏറ്റെടുത്തതോടെ മാധ്യമശ്രദ്ധയും ജനശ്രദ്ധയും ഇക്കാര്യത്തിലുണ്ടായി. സര്‍ക്കാരിന്റെ കൈവശമുള്ള മലനിരകളില്‍ 14 കോണ്‍ക്രീറ്റ് കുരിശുകളും 3 മരക്കുരിശ്ശുകളും സ്ഥാപിച്ചിരിക്കുന്നതാണ് വിവാദമായത്. ഇത്തരത്തില്‍ കുരിശ്ശുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയില്ലാതെ നടക്കില്ലെന്നുറപ്പാണ്.

പ്രശ്‌നം വഷളായതോടെ കുരിശ്ശുകള്‍ നീക്കം ചെയ്യണമെന്ന ഇതുസ്ഥാപിച്ച സംഘടനകളോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ചില മരക്കുരിശ്ശുകള്‍ മാത്രമാണ് എടുത്ത് മാറ്റിയത്. ഇതിനിടെ ഇക്കാര്യം ഹൈക്കോടതിയിലുമെത്തി. പഞ്ചാലിമേട്ടില്‍ നാട്ടിയ കുരിശ്ശുകള്‍ ദേവസ്വംഭൂമിയാണോ സര്‍ക്കാര്‍ ഭൂമിയാണോ എന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പുതുതായി സ്ഥാപിച്ച മരക്കുരിശ്ശുകള്‍ മാറ്റാന്‍ കണയങ്കവയല്‍ സെന്റ്‌മേരീസ് പള്ളി അധികൃതര്‍ക്ക് കലക്ടര്‍ നോട്ടീസും നല്‍കി. ചൊവ്വാഴ്ചയ്ക്കകം മാറ്റണമെന്നാണ് കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞദിവസം ഹിന്ദുഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെ.പി.ശശികല അടക്കമുള്ളവര്‍ സ്ഥലംസന്ദര്‍ശിക്കാനെത്തിയെങ്കിലും ആര്‍.ഡി.ഒയും പോലീസും തടഞ്ഞിരുന്നു. സര്‍ക്കാര്‍ വനഭൂമിയില്‍ കുരിശ്ശ് നാട്ടുന്ന പ്രവണതയ്ക്കുനേരെ കണ്ണടയ്ക്കുന്ന നിലപാട് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ശക്തമായ നടപടികള്‍ എടുക്കണമെന്നും സി.പി.ഐ. നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. ഇടുക്കി പാപ്പാത്തിച്ചോലയില്‍ അനധികൃതമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് കുരിശ്ശ് പൊളിച്ചുനീക്കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. ഈ പ്രസംഗത്തിനുശേഷമാണ് മലനിരകള്‍ കൈയേറി കുരിശ്ശുസ്ഥാപിക്കുന്ന പ്രക്രിയയ്ക്ക് ആക്കംകൂടിയത്.

തിരുവനന്തപുരം ബോണക്കാട്ടും വനഭൂമി കൈയേറി 20 ഓളം കോണ്‍ക്രീറ്റ് കുരിശ്ശുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഹൈക്കോടതിയുടെ കര്‍ശന ഇടപെടലിലാണ് കുരിശ്ശുകള്‍ പൊളിച്ചുമാറ്റിയത്. സി.പി.ഐ. ഭരിക്കുന്ന റവന്യൂവകുപ്പിന്റെയും വനംവകുപ്പിന്റെയും നിര്‍ണ്ണായക നിലപാടും ഇതിന് തുണയായി.

സി.പിഎമ്മിന്റെ മൃദുസമീപനമാണ് സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ക്ക് കുടചൂടുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മതസംഘടനകള്‍ ഉള്‍പ്പെടെ അനധികൃത കൈയേറ്റം ആരുനടത്തിയാലും കര്‍ശനനടപടി വേണമെന്ന നിലപാടാണ് സി.പി.ഐ. എടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here