പത്തനംതിട്ട:പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചതായി ദേവസ്വം ബോർഡ്. ആറു മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും. വനംവകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള ഭൂമി തർക്കം പരിഹരിക്കുന്നതിനായി നിയോഗിച്ച അഭിഭാഷക സമിതി ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയാണ് റോപ് വേ നിർമിയ്ക്കുന്നത്. കൊൽക്കത്ത ആസ്ഥാനമായ ദാമോദർ കേബിൾ കാർ കമ്പനിക്കാണ് കരാർ. ഇവരാണ് പഠനത്തിനായി ഏജൻസിയെ നിയോഗിച്ചത്. പമ്പ ഹിൽടോപ്പിൽ നിന്ന് മാളികപ്പുറം വരെയുള്ള 2.7 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ നിർമിയ്ക്കുക. പഠന റിപ്പോർട്ട് ലഭിച്ചാലുടൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറും.

തിരുവിതാംകൂർ ദേവസ്വവും വനംവകുപ്പും തമ്മിലുള്ള ഭൂമി തർക്കം വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഇത് പരിഹരിക്കാനാണ് ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. സന്നിധാനത്തെ പഠനം സമിതി പൂർത്തിയാക്കി. പമ്പയിലും നിലക്കലിലും പഠനം ബാക്കിയാണ്. വനംവകുപ്പിന്റെ തടസ വാദങ്ങൾ നിലനിൽക്കുന്നതിനാൽ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിരവധി പദ്ധതികൾ നിലവിൽ മുടങ്ങിയിരിയ്ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here