തിരുവനന്തപുരം: ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത പാലാ നഗരസഭയിലെ പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനി വിവാദത്തില്‍. ഒരു രാഷ്ട്രീയ നേതാവിനു ചേരാത്ത രീതിയില്‍ പ്രസംഗിച്ച സതീഷ് ചൊള്ളാനിയുടെ നടപടിക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗത്തെത്തി. സതീഷിന്റേത് പാര്‍ട്ടി നിലപാടാണോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ഓണ്‍ ലൈന്‍ മാധ്യമ സംഘടനകള്‍ ആവശ്യപ്പെട്ടു.

ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത സതീഷിന്റെ നടപടി ഒരു രാഷ്ട്രീയ നേതാവിനു ചേര്‍ന്നതല്ലെന്നു ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പ്രതികരിച്ചു. പാര്‍ട്ടിയിലെ തൊഴുത്തില്‍കുത്തിന് മാധ്യമങ്ങളുടെ തലയില്‍ കേറാന്‍ സതീഷ് ചൊള്ളാനി ശ്രമിക്കേണ്ടതില്ല. ഇനിയും ഇത്തരം ശ്രമമുണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്നും ഓണ്‍ ലൈന്‍ മാധ്യമ മാനേജ്‌മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ് ഭാരവാഹികള്‍ പ്രതികരിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡില്‍ അംഗങ്ങളായ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പത്രത്താളുകളിലും ടി.വി ചാനലുകളിലും മുഖം പതിഞ്ഞുകാണാന്‍ വെമ്പല്‍ കൊള്ളുന്ന നേതാവ് ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വിലയറിയുന്ന കാലം വിദൂരമല്ലെന്നും ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറാര്‍ തങ്കച്ചന്‍ കോട്ടയം മീഡിയ തുടങ്ങിയവര്‍ പറഞ്ഞു.

വാര്‍ത്താ ചാനലെന്ന പേരില്‍ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരെല്ലാം ഓണ്‍ ലൈന്‍ ന്യൂസ് ചാനലുകളല്ല. എവിടെയെങ്കിലും എന്തെങ്കിലും കണ്ടിട്ട് മുഴുവന്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളെയും അടച്ചാക്ഷേപിക്കുന്നതിനു മുമ്പ് കാര്യങ്ങള്‍ പഠിക്കുവാന്‍ തയ്യാറാകണം. വെറുതെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെമേല്‍ കുതിര കയറാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നും ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ശരിക്കൊന്നു കണ്ണു തുറന്നാല്‍ പല മുഖമൂടികളും അഴിഞ്ഞുവീഴും. പല വാര്‍ത്തകളും മൂടിവെക്കാന്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെയാണ് കൂട്ടുപിടിക്കുന്നത്. എന്നാല്‍ ഇതിന് വഴിപ്പെടാത്ത ഓണ്‍ ലൈന്‍ മാധ്യമങ്ങളെ അവഹേളിക്കുതാണ് സതീഷ് ചൊള്ളാനിയെപ്പോലെയുള്ളവര്‍ ശ്രമിക്കുന്നത്.

സതീഷ് ചൊള്ളാനി പ്രതിപക്ഷ നേതാവെന്ന നിലയില്‍ തികഞ്ഞ പരാജയമാണെന്നും ചൊള്ളാനി മാറി വി.സി പ്രിന്‍സ് നേതൃസ്ഥാനത്ത് വരണമെന്നും ജോസഫ് ഗ്രൂപ്പിന്റെ മൂന്നു കൗണ്‍സിലര്‍മാര്‍ പാലായിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. കോട്ടയം മീഡിയാ ഈ വാര്‍ത്ത ബ്രേക്ക് ചെയ്തതാണ് സതീഷിനെ ചൊടിപ്പിച്ചത്. ഇക്കാര്യം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണ പക്ഷത്തെ ബൈജു കൊല്ലമ്പറമ്പില്‍ ചൂണ്ടിക്കാട്ടി. പിന്നാലെയാണ് സതീഷ് ചൊള്ളാനി ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി വന്നത്. ഓണ്‍ ലൈനുകളില്‍ വരുന്ന വാര്‍ത്തകളെല്ലാം സത്യമല്ലെന്നാണോ പറയുന്നതെന്ന് സതീഷ് ചൊള്ളാനിയോട് ചെയര്‍മാന്‍ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here