പാലാ നിയമസഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി. യുഡിഎഫ് സ്ഥാനാർത്ഥി എൻ.സി.കെയുടെ മാണി സി.കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലുണ്ടായ തരിച്ചടി തന്നെ ഇക്കുറിയും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കേരള കോൺഗ്രസ് നേതൃത്വം.  അതേസമയം കോട്ടയം ജില്ലയിൽ അഞ്ച് സീ‌റ്റുകളിൽ ലീഡ് നിലനിർത്തി എൽ.ഡി.എഫാണ് മുന്നിൽ.

കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെയാണ് പാലായിലെ രാഷ്ട്രീയ കാലാവസ്ഥ മാറി മറിഞ്ഞത്. കെഎം മാണിയുടെ വിയോഗ ശേഷം പാലാ മണ്ഡലം ഇടത് മുന്നണിക്ക് വേണ്ടി പിടിച്ചെടുത്ത മാണി സി കാപ്പന് ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തോടെ പാലായിൽ നിൽക്കക്കള്ളിയില്ലാതായി. തുടർന്നാണ് യുഡിഎഫിലേക്കുള്ള ചുവടുമാറ്റം.

കേരളാ കോൺഗ്രസിന്‍റെ വരവോടെ വലിയ മുന്നേറ്റം കണക്കാക്കുകയും അത് നേടാനായെന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം വിശ്വസിക്കുകയും ചെയ്തിരുന്ന ഇടതുമുന്നണിയേയും ഞെട്ടിപ്പിച്ചാണ് പാലായിൽ മാണി സി കാപ്പന്‍റെ മുന്നേറ്റം. രാജ്യസഭാ സീറ്റ് രാജി വച്ച്  ഇടത് പാളയത്തിലേക്ക് എത്തിയ ജോസ് കെ മാണി പാലായിൽ തോൽക്കുന്ന അവസ്ഥയുണ്ടായാൽ അത് കേരള കോൺഗ്രസിന്‍റെ അധികാര സമവാക്യങ്ങളിലും വലിയ മാറ്റങ്ങൾക്കും വരും ദിവസങ്ങളിൽ കാരണമായേക്കും

കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അന്ന് എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായിരുന്ന മാണി.സി കാപ്പൻ അന്ന് യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള‌ള കേരളകോൺഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.  തുടർന്ന് ജോസ് കെ മാണി എൽഡിഎഫിലേക്കും മാണി സി കാപ്പാൻ യുഡിഎഫിലേക്കും ചേക്കേറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here