കോട്ടയം: ജോസ് കെ. മാണി വിഭാഗം നിര്‍ദേശിച്ച ജോസ് ടോമിനെ പുര്‍ണമനസോടെയല്ലെങ്കില്‍ പി.ജെ. ജോസഫ് അംഗീകരിച്ചു. യു.ഡി.എഫ് നേതാക്കള്‍ക്ക് ജോസഫ് വഴങ്ങുമ്പോഴും രണ്ടില ചിഹ്നത്തില്‍ അവ്യക്തത തന്നെയാണ്. രണ്ടിലയിലേ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മത്സരിക്കൂവെന്ന് നിര്‍ബന്ധമില്ലെന്ന് രമേശ് ചെന്നത്തിലയും നിലപാട് സ്വീകരിച്ചു.

പാലായില്‍ യു.ഡി.എഫിനായി പ്രവര്‍ത്തിയ്ക്കുമെന്നും പ്രചാരണത്തില്‍ പങ്കെടുക്കുമെന്നുമാണ് പി.ജെ. ജോസഫ് വ്യക്തമാക്കിയത്. എന്നാല്‍ ‘രണ്ടില’ ചിഹ്നത്തില്‍ സാങ്കേതിക തടസ്സമുണ്ട്. ഇക്കാര്യത്തില്‍ നിയമവശം പരിശോധിക്കുകയാണെന്നാണ് ചെന്നിത്തല പറഞ്ഞത്.

രണ്ടില ചിഹ്നത്തില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്ന കാര്യം ജോസ് കെ മാണിയും തുറന്ന് സമ്മതിക്കുന്നു. പാര്‍ട്ടി ചിഹ്നം ജോസഫ് വിട്ടുകൊടുക്കുകയെന്നത് ജോസ് കെ മാണി അംഗീകരിക്കാനിടയില്ല. അങ്ങനെയെങ്കില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസഫ് ആണെന്നത് ജോസ് കെ മാണി പരസ്യമായി സമ്മതിക്കുന്നതിന് തുല്യമാകും.

ഇന്ന് പാലായില്‍ പ്രചാരണം തുടങ്ങിയ ജോസ് ടോം ജോസ് കെ മാണിക്കൊപ്പം ആദ്യം പോയത് പാലാ ബിഷപ്പിനെ കാണാനാണ്. പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തെന്ന് ജോസ് ടോം വ്യക്തമാക്കി. ചിഹ്നത്തിനായി ആരുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കില്ലെന്ന് ജോസ് ടോം പ്രഖ്യാപിച്ചു.

ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പ്രചാരണം തകൃതിയായി നടത്തുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ബിജെപി കേന്ദ്രനേതൃത്വം ഇന്ന് പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here