ലക്നൗ: യുപിയിൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തെത്തിയ പാകിസ്ഥാനി വനിത അറസ്റ്റിൽ. ഏറെ വിവാദങ്ങൾ ഉയർത്തിയ സംഭവത്തിൽ അറുപത്തിയഞ്ചുകാരിയായ ബാനോ ബീഗം ആണ് അറസ്റ്റിലായിരിക്കുന്നത്. ജലേസർ സ്റ്റേഷൻ പരിധിയിൽ നിന്നും ഇവര്‍ അറസ്റ്റിലായ വിവരം പോലീസ് തന്നെയാണ് പുറത്തുവിട്ടത്. യുപിയിലെ ഏട്ട എന്ന ഗ്രാമത്തിലാണ് ബാനോ ബീഗത്തെ ഇടക്കാല പഞ്ചായത്ത് അധ്യക്ഷ ആയി നിയോഗിച്ചത്.
എന്നാൽ ഒരു പാകിസ്ഥാനി വനിത ഈ സ്ഥാനത്തെത്തിയത് ചോദ്യം ചെയ്ത് പരാതികൾ ഉയർന്നതോടെയാണ് സംഭവം വിവാദമാകുന്നതും ബാനോ ബീഗത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും. ഇതിന് പിന്നാലെ ഒളിവിൽ പോയ ഇവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദീർഘകാല വിസയിൽ രാജ്യത്ത് താമസിക്കുന്ന ഇവർക്ക് ആധാര്‍, വോട്ടേഴ്സ് ഐഡി ഉൾപ്പെടെയുള്ള രേഖകൾ എങ്ങനെ കിട്ടിയെന്നാണ് സംശയം ഉയർന്നത്.
റിപ്പോർട്ടുകള്‍ അനുസരിച്ച് നാൽപ്പത് വർഷം മുമ്പാണ് പാക് കറാച്ചി സ്വദേശിയായ ബാനോ ഇവിടെ ഒരു ബന്ധുവിന്റെ വീട് സന്ദർശിക്കാനെത്തിയത്. തുടർന്ന് ഇന്ത്യക്കാരനായ അക്തർ അലി എന്നയാളെ വിവാഹം ചെയ്തു. അക്കാലം മുതൽ ദീർഘകാല വിസയിൽ അവര്‍ ഇന്ത്യയിൽ താമസിച്ചു വരികയാണ്. പല തവണ പൗരത്വത്തിനായി അപേക്ഷിക്കുകയും ചെയ്തിരുന്നു.
2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുവാദൗ ഗ്രാമപഞ്ചായത്തിൽ നിന്നും ബാനോ ജയിച്ചിരുന്നു. ഗ്രാമമുഖ്യആയിരുന്ന ഷെഹ്നാസ് ബീഗം കഴിഞ്ഞ വർഷം ജനുവരിയിൽ മരിച്ചതോടെയാണ് വില്ലേജ് കമ്മിറ്റി നിർദേശത്തോടെ ആ സ്ഥാനത്തേക്ക് ബാനോ എത്തുന്നത്.
ആ ഗ്രാമത്തിലെ തന്നെ ഖുവൈദർ ഖാൻ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാനോ ബീഗം പാകിസ്ഥാൻ പൗരയാണെന്ന് വിവരം പുറത്തു വന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച റിപ്പോർട്ട്. ആറുമാസത്തോളം ആ സ്ഥാനത്തിരുന്ന ബാനോ വിവാദത്തെ തുടർന്ന് സ്ഥാനം ഒഴിഞ്ഞെങ്കിലും ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ അലോക് പ്രിയദർശി ഇക്കാര്യം ജില്ലാ മജിസ്ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാനോ ബീഗം പാകിസ്ഥാനി പൗരത്വമുള്ളയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തെറ്റായ മാർഗങ്ങളിലൂടെയാണ് അവർ ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി എന്നിവ സ്വന്തമാക്കിയിരിക്കുന്നത്’ എന്ന് ജില്ലാ പഞ്ചായത്ത് രാജ് ഓഫീസറും പറഞ്ഞിരുന്നു. റേഷൻ കാർഡും വോട്ടർ ഐഡി കാർഡും നിർമ്മിക്കാൻ ഉപയോഗിച്ച രേഖകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രാമപഞ്ചായത്തിന്റെ വോട്ടർ പട്ടികയിൽ നിന്ന് അവരുടെ പേര് നീക്കം ചെയ്തിട്ടുണ്ട്. നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ അവളുടെ പേര് ഇല്ലെന്നുമാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചിരിക്കുന്നത്.