ലാഹോര്‍/ഡല്‍ഹി: സെപ്റ്റംബറിലോ ഒക്‌ടോബറിലോ ഇന്ത്യയുമായി യുദ്ധം പ്രവചിച്ചതിനു പിന്നാലെ പാകിസ്ഥാന്റെ മിസൈലല്‍ പരീക്ഷണം. കരയില്‍ നിന്നു കരയിലേക്കു തൊടുക്കാവുന്ന ഗസ്‌നവി ബാലിസ്റ്റിക് മിസൈലാണ് രാത്രിയില്‍ പരീക്ഷിച്ചത്.

290 കിലോമീറ്റര്‍ ദൂരത്തില്‍ പലതരം പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍. മിസൈല്‍ പരീക്ഷണ വിവരം പാസ് സൈന്യത്തിന്റെ മാധ്യമമായ ഐഎസ്പിആര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ നാഷണല്‍ ഡവലപ്‌മെന്റ് കോംപ്ലക്‌സ് നിര്‍മിച്ച മധ്യദൂര ഹൈപര്‍സോണിക് മിസൈലിന് ഹത്ഫ് 3 ഗസ്‌നവിയെന്നാണ് പേര്.

മിസൈല്‍ പരീക്ഷണം നടക്കുന്നതിനാല്‍ ഓഗസ്റ്റ് 28 മുതല്‍ 31 വരെ പാകിസ്ഥാനു മുകളിലൂടെയുള്ള മൂന്നു വ്യോമപാതകള്‍ താല്‍ക്കാലികമായി അടച്ചിട്ടിട്ടുണ്ട്. ആക്രമണ ഭീഷണി കണക്കിലെടുത്ത് ഗുജറാത്ത് തീരത്ത് ഇന്ത്യ ജാഗ്രത ശക്തമാക്കി. പാകിസ്ഥാന്‍ കമാന്‍ഡോകള്‍ ഗുജറാത്തിലെ കച്ച് മേഖലയിലൂടെ ഇന്ത്യയിലേക്കു കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. ഗള്‍ഫ് ഓഫ് കച്ച്, സര്‍ ക്രീക്ക് മേഖലയില്‍ കൂടി പാകിസ്ഥാന്‍ കമാന്‍ഡോകളും ഭീകരരും നുഴഞ്ഞു കയറിയെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ സമുദ്രത്തിനടിലൂടെയുള്ള ആക്രമണത്തിനു സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഗുജറാത്തിലെ എല്ലാ തുറമുഖങ്ങളിലും സുരക്ഷ കര്‍ശനമാക്കിയെന്ന് പോര്‍ട്ട് ട്രസ്റ്റ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here