ഇസ്ലാമാബാദ് | പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതിരിക്കാന്‍ പിരിച്ചുവിട്ട പാകിസ്താന് ദേശീയ അസംബ്ലി സുപ്രിം കോടതി പുന:സ്ഥാപിച്ചു. പ്രമേയം വോട്ടിനിടാതിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന് സൂരിയുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയത് ഇമ്രാന് ഖാന് കനത്ത തിരിച്ചടിയായി.
ഇമ്രാന് ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ദേശീയ സഭയില്‍ വോട്ടെടുപ്പ് നടത്താനാണ് സുപ്രീംകോടതി നിര്‍ദേശം. അവിശ്വാസ പ്രമേയം വോട്ടിനിടാതിരുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ഉമര്‍ അത്ത ബണ്ഡ്യാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
342 അംഗങ്ങളുള്ള ദേശീയസഭയില്‍ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താനായി ഇമ്രാനുവേണ്ടിയിരുന്നത്. പ്രതിപക്ഷത്തിന് 177 പേരുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഡെപ്യൂട്ടി സ്പീക്കര്‍ വോട്ടെടുപ്പ് തള്ളിയതോടെ പ്രതിപക്ഷ നീക്കം പരാജയപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ പ്രസിഡന്റ് ആരിഫ് ആല്‍വി ദേശീയസഭ പിരിച്ചുവിടുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചത്.