ഡൽഹി: രാജ്യത്തെ പല നഗരങ്ങളിലും കടുത്ത ഓക്സിജൻ ക്ഷാമം മൂലം കൊവിഡ് 19 രോഗികള്‍ മരിക്കുന്നതിൻ്റെ വാര്‍ത്തകള്‍ക്കിടെ സിനിമാ താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. രാജ്യത്തെ പൗരന്മാര്‍ മരിച്ചു വീഴുമ്പോഴും സെലിബ്രിറ്റികള്‍ മൗനം പാലിക്കുകയാണെന്നാണ് തേജസ്വി യാദവിൻ്റെ വിമര്‍ശനം.

സര്‍ക്കാരിൻ്റെ പരിഗണന മറ്റു പല കാര്യങ്ങളുമായതിനാൽ ആളുകള്‍ ഓക്സിജൻ കിട്ടാതെ ഓരോ സെക്കൻഡിലും മരിച്ചു വീഴുകയാണെന്നും ഈ സാഹചര്യത്തിൽ സെലിബ്രിറ്റികല്‍ തുറന്ന പ്രതികരണത്തിന് മടിക്കരുതെന്നുമാണ് തേജസ്വി യാദവിൻ്റെ ട്വീറ്റ്.

“പ്രിയപ്പെട്ട ഭീരുക്കളായ ഇന്ത്യൻ സെലിബ്രിറ്റികളേ, കുറച്ച് നട്ടെല്ലു കാണിക്കൂ. തുറന്നു സംസാരിക്കൂ. നിങ്ങളുടെ ദിവ്യന്മാരുടെ തെറ്റായ മുൻഗണനകള്‍ മൂലം നിങ്ങള്‍ പൗരന്മാരാണ് ഓരോ സെക്കൻഡിലും അടിസ്ഥാന ആവശ്യമായ ഓക്സിജൻപോലും കിട്ടാതെ മരിച്ചു വീഴുന്നത്.” തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. ” എവിടെയാണ് നിങ്ങളുടെ മനസ്സാക്ഷി? എവിടെയാണ് നിങ്ങളുടെ ആത്മാവും ഹൃദയവും?” അദ്ദേഹം ചോദിച്ചു. കൂറു വേണ്ടത് രാജ്യത്തോടാണെന്നും ഭരണാധികാരികളോട് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“കര്‍ഷകസമരത്തോട് കേന്ദ്രസര്‍ക്കാരിൻ്റെ സമീപനത്തിനെതിരെ ആഗോളപൗരന്മാര്‍ പ്രതികരിച്ചപ്പോള്‍ ഇത് രാജ്യത്തിൻ്റെ ആഭ്യന്തര കാര്യമാണെന്നു പറഞ്ഞ് പണം വാങ്ങി വ്യാജരോഷം കാണിച്ചില്ലേ നിങ്ങള്‍.” എവിടെയാണ് ഇപ്പോള്‍ ഈ രോഷമെന്ന് തേജസ്വി യാദവ് ചോദിച്ചു. “ഇന്ത്യക്കാര്‍ എല്ലായിടത്തും മരിച്ചു വീഴുകയാണ്. എന്നാൽ വിവരമല്ലാത്ത ഈ ഭോഷന്മാര്‍ക്ക് അതൊരു പ്രശ്നമേയല്ല.” തേജസ്വി യാദവ് കുറിച്ചു.

രാജ്യത്ത് കൊവിഡ്19 രണ്ടാം തരംഗം ശക്തിപ്പെട്ടതോടെ ഡൽഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിൽ ഓക്സിജനും ഐസിയു കിടക്കകള്‍ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. രണ്ടാം തരംഗം ഉണ്ടാകുമെന്ന് ഉറപ്പായിട്ടും കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചില്ലെന്നും ഐസിയു സൗകര്യങ്ങള്‍ ഒരുക്കുന്നതിൽ കനത്ത അനാസ്ഥയാണ് ഉണ്ടായതെന്നും കാണിച്ച് പാശ്ചാത്യമാധ്യമങ്ങള്‍ അടക്കം ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തേജസ്വി യാദവിൻ്റെ ട്വീറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here