ലോക്ക്ഡൗണിനോട് യോജിപ്പില്ല, പ്രോട്ടോക്കോള്‍ പാലിച്ചുള്ള വിജയഹ്ളാദം വേണം’: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സമ്പൂണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനോട് യുഡിഎഫിന് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണിത്. ലോക്ക് ഡൗൺ കേരളത്തിന് താങ്ങാൻ കഴിയുമോ എന്ന സംശയമുണ്ട്. ഞായറാഴ്ച്ചത്തെ ലോക്ക്ഡൗണ്‍ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കി കണ്ടെയ്‌ൻമെൻ്റ് സോൺ വേണ്ടിടത്ത് നടപ്പാക്കണം. ജനങ്ങളുടെ അവസ്ഥ കണക്കിലെടുക്കണം. ദൈനംദിന ജീവിതം നയിക്കുന്നവരുടെ ജീവിതം കണക്കിലെടുക്കണം. കടകള്‍ 9 വരെ പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നാണ് എൻ്റെ അഭിപ്രായം. കടകളിലെ തിരക്കുകൾ കുറയ്‌ക്കുന്നതിന് ഈ തീരുമാനം സഹായകമാകും. ചെറുകിട ഫാക്‌ടറികൾ, കച്ചവടക്കാര്‍ തുടങ്ങിയവരുടെ ജീവിതം കണക്കിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് രണ്ടിന് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുള്ള വിജയഹ്ളാദം മതി. ബാക്കിയുള്ള കാര്യങ്ങൾ പറയേണ്ടത് സർക്കാരാണ്. കേരളത്തിൽ യുഡിഎഫിന് നല്ല വിജയ പ്രതീക്ഷയുണ്ട്. സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ രൂപീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം, ദിനം പ്രതിയുള്ള കൊവിഡ് കേസുകളിൽ കുതിപ്പ് തുടരുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികളുടെ ഡിസ്‌ചാർജ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി മാർഗരേഖ പുറത്തിറക്കി. ഗുരുതരമായ അവസ്ഥയില്ലാത്ത രോഗികൾക്ക് ഡിസ്‌ചാർജ് ആകുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇനി മുതൽ ആവശ്യമില്ല. കൊവിഡ് ചികിത്സയ്‌ക്ക് പുതിയ മാർഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. കാറ്റഗറി എ വിഭാഗത്തിൽ ഉൾപ്പെടുന്നവരിൽ പോലും ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here