ഓപ്പറേഷന്‍ ഗംഗ, രണ്ടു വിമാനങ്ങളിലായി 469 പേര്‍ ഇന്ത്യയിലേക്ക്, 44 മലയാളികള്‍

മുംൈബ: യുക്രെയ്‌നില്‍നിന്നു ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം, ഓപ്പറേഷന്‍ ഗംഗയുടെ ആദ്യ ദിനത്തില്‍ പുറപ്പെട്ടത് രണ്ടു വിമാനങ്ങള്‍. 469 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. ഇവരില്‍ 44 പേര്‍ മലയാളികളാണ്.

യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി കടന്ന് റുമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റ് വരെ റോഡ് മാര്‍ഗമെത്തിയ 219 ഇന്ത്യക്കാര്‍ അവിടെനിന്ന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് മുംബൈയിലെത്തിയത്. ഇതില്‍ 27 പേര്‍ മലയാളികളാണ്. രണ്ടാമത്തെ വിമാനം 17 മലയാളികള്‍ ഉള്‍പ്പെടെ 250 പേരുമായി രാത്രി പുറപ്പെട്ടു. ബുഡാപെസ്റ്റ് (ഹംഗറി) വഴിയുള്ള വിമാനം ഇന്നു രാവിലെയെത്തി.

കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ വിമാനത്തിനുള്ളില്‍ കയറി ആദ്യവിമാനത്തിലെത്തിയവരെ സ്വീകരിച്ചു. മലയാളികളെ നോര്‍ക്കയുടെ നേതൃത്വത്തില്‍ നവി മുംബൈയിലെ കേരള ഹൗസിലെത്തിച്ചു. ഇവര്‍ ഇന്നു കേരളത്തിലേക്കു മടങ്ങും. മുംബൈയില്‍ നിന്നുള്ള ടിക്കറ്റ് ചെലവ് വഹിക്കുമെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കി.

റുമാനിയ, ഹംഗറി എന്നിവയ്ക്കു പുറമേ പടിഞ്ഞാറന്‍ യുക്രെയ്‌നോടു ചേര്‍ന്നുള്ള സ്‌ലൊവാക്യ വഴിയും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു. സ്‌ലൊവാക്യ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വീസ്‌നെ അസോറാദ് മേഖലയില്‍ ഇന്ത്യന്‍ എംബസി ക്യാമ്പ് തുറന്നു. അതിര്‍ത്തി മേഖലകളിലേക്കു സഞ്ചരിക്കുന്നവര്‍ അക്കാര്യം എംബസി ഹെല്‍പ്‌ലൈന്‍ നമ്പറില്‍ അറിയിക്കണമെന്നും പാസ്‌പോര്‍ട്ട് കൈവശം വയ്ക്കണമെന്നും എംബസി അറിയിച്ചു. പോളണ്ട് വഴിയുള്ള രക്ഷാദൗത്യവും വരും ദിവസങ്ങളില്‍ ആരംഭിക്കും. യുക്രെയ്‌നില്‍ നിന്നു കൂട്ടപ്പലായനം ആരംഭിച്ചതോടെ ലക്ഷക്കണക്കിനാളുകളാണ് അതിര്‍ത്തി മേഖലകളിലേക്കെത്തുന്നത്.

അതേസമയം, റഷ്യയോടു ചേര്‍ന്നുള്ള കിഴക്കന്‍ യുക്രെയ്‌നില്‍ കുടുങ്ങിയവരെ രക്ഷിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അയ്യായിരത്തിലധികം വിദ്യാര്‍ഥികളാണ് ഇവിടെയുള്ള സുമി, ഹര്‍കീവ് നഗരങ്ങളിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here