സാധാരണക്കാരെ കൊള്ളയടിക്കുന്നത്  കേന്ദ്രസര്‍ക്കാരിന്റെ അറിവോടെ; ‘സേവ് എസ്.ബി.ഐ.’ ചലഞ്ചുമായി ഉമ്മന്‍ചാണ്ടി

0
വന്‍കിടക്കാരുടെ കോടികളുടെ കിട്ടാക്കടം എഴുതിത്തള്ളുന്ന എസ്.ബി.ഐ. സാധാരണക്കാരെ കൊള്ളയടിക്കുന്നതിനെതിരേ പ്രതികരിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിധവകളും, വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകളുടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നില നിര്‍ത്തിയില്ല എന്ന പേരു പറഞ്ഞു ബാങ്ക് പിഴിഞ്ഞെടുത്തത് 1771 കോടി രൂപയാണ്.
മോഡി സര്‍ക്കാരിന്റെ അറിവോടെ നടത്തുന്ന ഇത്തരം കൊള്ളക്കെതിരേ ‘സേവ് എസ്.ബി.ഐ.’ ചലഞ്ചുമായാണ് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്. ഫിറ്റ്‌നസ് ചലഞ്ചിന്റെ പേരില്‍ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതെ ‘സേവ് എസ്.ബി.ഐ.’ ഏറ്റെടുക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

” ഇടപാടുകാരെ പിഴിഞ്ഞ് കൊള്ള ലാഭം കൊയ്യുന്ന എസ്.ബി.ഐ യുടെ നിലപാട് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.
കോര്‍പറേറ്റുകളുടെ കിട്ടാകടങ്ങള്‍ എഴുതി തള്ളുകയും, അതിന്റെ നഷ്ട്ടം പരിഹരിക്കാന്‍ സാധാരണക്കാരെ കൊള്ളയടിക്കുയുമാണ് ഇന്ന് ബാങ്ക് ചെയ്യുന്നത്. വിധവകളും, വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകളുടെ അകൗണ്ടില്‍ മിനിമം ബാലന്‍സ് നില നിര്‍ത്തിയില്ല എന്ന പേരു പറഞ്ഞു ബാങ്ക് പിഴിഞ്ഞെടുത്തത് 1771 കോടി രൂപയാണ്. മറ്റു ബാങ്കിങ് ഇടപാടുകളിലൂടെ 1581 കോടി ലാഭമുണ്ടാക്കിയതിന് പുറമെയാണ് ബാങ്കിന്റെ ഈ അധിക വരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ അറിവോട് കൂടിയാണ് ഈ തീവെട്ടി കൊള്ള എന്നത് മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയം തുറന്നു കാണിക്കുന്നു.
ഇത് കൂടാതെ ഇപ്പോള്‍ സര്‍വീസ് ചാര്‍ജ് തലത്തില്‍ അധിക ഭാരം ചുമത്തിയിരിക്കുകയാണ് ബാങ്ക് അധികൃതര്‍. ഒരു മാസത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ വിനിമയം നടത്തുന്ന പക്ഷം നിക്ഷേപകര്‍ ജി എസ് റ്റി അടക്കം അന്‍പത്തി ഒന്‍പത് രൂപ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കും . സാധാരണക്കാരില്‍ നിന്ന് ഈടാക്കി കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് എഴുതി തള്ളിയ കിട്ടാക്കടങ്ങളുടെ നഷ്ടം നികത്താന്‍ നോക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നമ്മുടെ പ്രധാനമന്ത്രി ഇതൊന്നും കണ്ടില്ലെന്ന് നടിച്ചു ഫിറ്റ്‌നസ് ചലഞ്ചിന്റെ പേരില്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുകയാണ്. സത്യത്തില്‍ #SaveSBIChallenge
അല്ലേ ഈ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യം?
കേന്ദ്ര സര്‍ക്കാര്‍ ഇനിയും കാര്യമായി ഈ വിഷയത്തില്‍ ഇടപെട്ടില്ലങ്കില്‍ സാധാരണക്കാര്‍ക്കും, കര്‍ഷകര്‍ക്കും അന്യമായിരുന്ന ബാങ്കിങ് സമ്പ്രദായം അവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഭാരതീയ സ്റ്റേറ്റ് ബാങ്ക് അവരില്‍ നിന്ന് അകന്നു പോകുമെന്ന കാര്യത്തില്‍ സംശയമില്ല.”

Loading...

LEAVE A REPLY

Please enter your comment!
Please enter your name here