തിരുവനന്തപുരം : പോലീസിനെ ഉപയോഗിച്ച് ഓൺലൈൻ മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള നീക്കത്തിനെതിരെ ഓൺലൈൻ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. മറ്റു കേസുകളിൽ പിന്തുടരുന്ന പ്രാഥമിക അ‌ന്വേഷണങ്ങൾ പോലും ഒഴിവാക്കി പരാതി കിട്ടിയാലുടൻ ഓൺ​ലൈൻ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്ന രീതിയാണ് പോലീസ് സ്വീകരിക്കുന്നത്. മറുനാടൻ മലയാളി.കോം ചീഫ് എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത അ‌ടൂർ പോലീസിന്റെ നടപടി ഇതിനുദാഹരണമാണെന്നും ഇത്തരത്തിൽ ഓൺ ​ലൈൻ മാധ്യമങ്ങളെ വരുതിയിലാക്കാമെന്നത് വെറും വ്യാമോഹമാണെന്നും എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി.

ഷാജൻ സ്കറിയാ പണം ചോദിച്ചു വിളിച്ചുവെന്നത് തെളിയിക്കുവാൻ പോലീസ് തയ്യാറാകണം. കോൾ റെക്കോഡുകൾ പോലും ഹാജരാക്കാതെ ഒരു പരാതി കിട്ടിയപ്പോൾത്തന്നെ അമിതാവേശത്തോടെ കേസ് രജിസ്റ്റർ ചെയ്തത് നല്ല ഉദ്ദേശത്തോടെയല്ല. പരാതിയിൽ പറഞ്ഞിരിക്കുന്ന ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ അന്വേഷണം ഉണ്ടാകണം. സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാൻ തയ്യാറായില്ലെങ്കിൽ തങ്ങൾ നിയമപരമായി നീങ്ങുമെന്ന് ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം മുന്നറിയിപ്പു നൽകി.

പോലീസിന്റെ നടപടി അങ്ങേയറ്റം പക്ഷപാതപരമാണ്. ആരെങ്കിലും ഒരു പരാതി തന്നാൽ ഉടൻ പോലീസ് കേസ് രജിസ്റ്റർ ചെയ്യാറില്ല. പ്രാഥമികമായി ഒരു അന്വേഷണം നടത്തിയിട്ടാണ്  എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. ഇവിടെ അതുണ്ടായിട്ടില്ല. കേസിനെ ഭയക്കുന്നവരല്ല ഓൺലൈൻ ചാനലുകൾ. നിയമപരമായി നേരിടുകതന്നെചെയ്യും. മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയാക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി ചീഫ് എഡിറ്റേഴ്സ് ഗിൽഡ്  ജനറൽ സെക്രട്ടറി രവീന്ദ്രൻ കവർ സ്റ്റോറി, ട്രഷറാർ തങ്കച്ചൻ കോട്ടയം മീഡിയ , വൈസ് പ്രസിഡന്റ് ജയചന്ദ്രൻ ട്രാവൻകൂർ എക്സ് പ്രസ്സ്, അഡ്വ. സിബി സെബാസ്റ്റ്യൻ ഡെയിലി ഇന്ത്യൻ ഹെറാൾഡ്‌, സെക്രട്ടറി ചാൾസ് ചാമത്തിൽ സി മീഡിയ, ജോസ് എം.ജോർജ്ജ് കേരളാ ന്യൂസ് എന്നിവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here