ഉമ്മൻ ചാണ്ടിയുടെ പദവിയിൽ തീരുമാനം തിങ്കളാഴ്ച? കേരളത്തിന്‍റെ ചുമതലയുള്ള നേതാക്കൾ ഈ മാസം സംസ്ഥാനത്തെത്തും

തിരുവനന്തപുരം: 2021ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച കേന്ദ്ര നേതാക്കൾ അടുത്തയാഴ്ച സംസ്ഥാനത്തെത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾക്കായാണ് നേതാക്കൾ സംസ്ഥാനത്തെത്തുകയെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് പുതിയ പദവി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും. സംസ്ഥാനത്ത് യുഡിഎഫിന് അധികാരം ലഭിച്ചാൽ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചർച്ചകളും ഉയർന്ന് കഴിഞ്ഞു. വാർത്തയുടെ വിശദാംശങ്ങൾ അറിയാം.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കേന്ദ്ര നേതാക്കൾ ആദ്യഘട്ട ചർച്ചകൾക്കായാണ് സംസ്ഥാനത്തെത്തുന്നത്. ജനുവരി 22, 23 തീയതികളിലാണ് നേതാക്കൾ കേരളത്തിൽ എത്തുകയെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ജി പരമേശ്വര, ലൂസിനോ ഫെലോറ എന്നീ നേതാക്കൾക്കാണ് കേരളത്തിന്‍റെ ചുമതല. കേരളത്തിനു പുറമെ ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കും ഹൈക്കമാൻഡ് കേന്ദ്ര സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാന കോൺഗ്രസിലെ അഴിച്ചുപണി സംബന്ധിച്ച് തിങ്കളാഴ്ച ഹൈക്കമാൻഡും കേരളത്തിലെ നേതാക്കളും തമ്മിൽ നടക്കുന്ന ചർച്ചയിൽ തീരുമാനമായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങളും പുനഃസംഘടനയും സംബന്ധിച്ചാകും ചർച്ച. സംസ്ഥാനത്തെത്തിയ എഐസിസി പ്രതിനിധികളോട് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ട കാര്യങ്ങളിലും തീരുമാനമുണ്ടായേക്കും. ഉമ്മൻ ചാണ്ടിയ്ക്ക് നൽകേണ്ട പദവിയിൽ തീരുമാനമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഡിസിസി പുനഃസംഘടനയിലും തീരുമാനമായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here