‘സർവേകൾ യുഡിഎഫിന് നേട്ടമായി, പ്രവർത്തിക്കാത്തവരും പ്രചാരണത്തിനിറങ്ങി’: ഉമ്മൻ ചാണ്ടി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവെകൾ യു.ഡി.എഫിന് എതിരായിരുന്നെങ്കിൽ പ്രചാരണരംഗത്ത് വൻനേട്ടമുണ്ടാക്കിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർവെ ഫലം പുറത്തു വന്നതോടെ ഞങ്ങൾ പറഞ്ഞാൽ പോലും പ്രവർത്തിക്കാത്ത യുഡിഎഫ് പ്രവർത്തകർ ഊർജ്ജസ്വലരായി രംഗത്ത് ഇറങ്ങിയെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.  ചിലരൊക്കെ സർവെയെ എതിർക്കുന്നുണ്ട്. പക്ഷേ താൻ എതിർക്കുന്നില്ല. സർവെ റിപ്പോട്ടുകൾ വരുന്നതിന് മുമ്പും പിമ്പുമുള്ള മാറ്റം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. ജനക്കൂട്ടമാണ് എല്ലായിടത്തും. ഞങ്ങൾ വിചാരിച്ചിട്ടും സാധിക്കാത്തത് സർവേ കൊണ്ട് സാധിച്ചെന്നും ഉമ്മൻ ചാണ്ടി  കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അന്നം മുടക്കി ആരോപണത്തെയും ഉമ്മൻ ചാണ്ടി തള്ളിക്കളഞ്ഞു.  ‘അന്നം മുടക്കി’കൾ ആരാണെന്ന് ജനം തിരിച്ചറിയും. പാവപ്പെട്ട കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനുള്ള അരിയാണ് വിതരണം ചെയ്യാതെ വച്ചത്. അരി കുട്ടികളുടെ വീടുകളിലേക്ക് നൽകണമെന്ന് ആദ്യം തീരുമാനിച്ചത് യുഡിഎഫ് മന്ത്രിയായിരുന്ന ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിർത്തത്. അത് തെരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. സിപിഎം ആയിരുന്നു ഈ സ്ഥാനത്ത് എങ്കിൽ അരിയിൽ മണ്ണുവാരിയിടുമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച പാലങ്ങളുടെ പട്ടികയുമായി ഇടതു സർക്കാരിനെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ച 227 പാലങ്ങളുടെ പട്ടികയാണ് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പമാണ് എൽഡിഎഫ് കാലത്ത് നിർമ്മിച്ച പാലങ്ങളുടെ കണക്ക് പുറത്തു വിടാമോയെന്ന് ഉമ്മൻ ചാണ്ടി ചോദിക്കുന്നത്.  തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടു തന്നെ നിരവധി പേരാണ് ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.

എല്‍.ഡി.എഫ്. കാലത്ത് നിര്‍മിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിടാമോ എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി. ആയിരത്തിലേറെ കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. നാലായിരത്തിലേറെ പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here