ധാരണാപത്രം ​ഒപ്പിട്ട കാര്യം ഉദ്യോഗസ്ഥൻ അ‌റിയിച്ചിട്ടില്ല, കമ്പനിയെ കൊണ്ടുവരാൻ ഉദ്ദേശമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇ.എം.സി.സിയുമായി ഏതെങ്കിലും കരാർ ഒപ്പിട്ട കാര്യം കെ.എസ്.ഐ.എൻ.സി എം.ഡി. സർക്കാരിനെ അ‌റിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനി വ്യവസായ മന്ത്രിക്കു നൽകിയ നിവേദനത്തിലെ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് രേഖയായി ഉയർത്തിക്കാട്ടുന്നതെന്നും ഇത് അ‌ദ്ദേഹത്തിന് എങ്ങനെ കിട്ടിയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ആഴക്കടൽ മത്സ്യബന്ധം സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയുകയായിരുന്നു അ‌ദ്ദേഹം.

കെ.എസ്.ഐ.എൻ.സി പൊതുമേഖലാ സ്ഥാപനമാണ്. സർക്കാരോ സർക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഇതുവരെയും ഒരു ധാരണാപത്രവും ഒപ്പിട്ടിട്ടില്ല. പൊതുമേഖലാ സ്ഥാപനം ഒപ്പിട്ടിട്ടുണ്ടെങ്കിൽ പിന്നീടാണ് സർക്കാരിന്റെ പരിഗണനയ്ക്ക് വരുക. സർക്കാർ അ‌തനുസരിച്ച് തീരുമാനം എടുക്കും. സർക്കാരിനെ അ‌റിയിച്ചേ കരാർ ഒപ്പിടാവൂവെന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരമൊരു കരാറിനെക്കുറിച്ച് സർക്കാരിനെയോ മന്ത്രിയെയോ ബന്ധപ്പെട്ട സെക്രട്ടറിയെയോ കോർപ്പറേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അ‌റിയിച്ചിട്ടില്ല.

അ‌തേസമയം, കരാറും അ‌തുമായി ബന്ധപ്പെട്ട ആരോപണങ്ങളും തന്നിലേക്കും ഫിഷറീസ് വകുപ്പിലേക്കും വരുന്നതിൽ ജെ. മെഴ്സിക്കുട്ടിയമ്മയ്ക്ക് കടുത്ത അ‌തൃപ്തിയുണ്ടെന്നാണ് സൂചന. ഇക്കാര്യം അ‌വർ മുഖ്യമന്ത്രിയെ അ‌റിയിക്കുകയും ചെയ്തുവെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here