കരയോഗ മന്ദിരം ആക്രമിച്ചവരെ അറിയാം, ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് എന്‍.എസ്.എസ്.

0

തിരുവനന്തപുരം/കോട്ടയം: നേമത്ത് എന്‍എസ്എസ് കരയോഗ മന്ദിരം ആക്രമിച്ചതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും എന്‍.എസ്.എസിനോട് കളി വേണ്ടെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാവിലെയാണ് തിരുവനന്തപുരം നേമത്ത് എന്‍എസ്എസ് കരയോഗ മന്ദിരം ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്.

കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുള്ള ചട്ടമ്പിസ്വാമി പ്രതിമയുടെ ജനല്‍ ചില്ലുകളും എറിഞ്ഞു തകര്‍ത്തിരുന്നു. കൊടിമരത്തിന്റെ ചുവട്ടില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പേരില്‍ റീത്തും സ്ഥാപിച്ചിരുന്നു. ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്തു നാമജപ ഘോഷയാത്ര അടക്കമുള്ള സമരം നടത്തുന്നതിനിടയാണ് എന്‍ എസ് എസ് കരയോഗ മന്ദിരത്തിന് നേരെയുള്ള ആക്രമണം. ഇതിന് പിന്നാലെയാണ് സിപിഎമ്മിന് പരോക്ഷമായി താക്കീതും മുന്നറിയിപ്പുമായി സുകുമാരന്‍ നായര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ പിന്തിരിക്കാമെന്ന് ആരും കരുതേണ്ടെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിനായി എന്തു വില കൊടുത്തും മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പും നല്‍കി. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണം കൊണ്ടു വരുന്നത് ഭിന്നതയുണ്ടാക്കാനാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

ദേവസ്വം നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഒരു വര്‍ഷമായി നിലനില്‍ക്കുന്നുണ്ട്. ഇതിന് പ്രത്യേക ചട്ടം ഉണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ 32 ശതമാനം സംവരണമുള്ള പട്ടികജാതി/ പട്ടിക വാര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം 40 ശതമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ദേവസ്വം നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ പ്രത്യേക ചട്ടവും നിലവിലുണ്ടായിട്ടും പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം സര്‍ക്കാര്‍ ഉയര്‍ത്തിയത് ദുരുദ്ദേശത്തോടെയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

സംവരണത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുവാനുള്ള ശ്രമമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ളതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here