കൊച്ചി: അഞ്ച് ദിവസത്തിനകം ഒഴിയാന്‍ നിര്‍ദേശിക്കുന്ന നോട്ടീസ് മരടിലെ അഞ്ച് ഫഌറ്റിലെയും താമസക്കാര്‍ക്ക് നഗരസഭ കൈമാറി. ഗോള്‍ഡന്‍ കായലോരത്തിലെ ചിലരൊഴികെ മറ്റാരും നോട്ടീസ് കൈപ്പറ്റാന്‍ തയാറായില്ല. തുടര്‍ന്ന് അധികൃതര്‍ ഭിത്തിയില്‍ പതിച്ചു. തിരുവോണ ദിനത്തില്‍ നഗരസഭയ്ക്ക്ു മുന്നില്‍ നിരാഹാരം ഇരിക്കാന്‍ ഫഌറ്റുടമകളുടെ തീരുമാനം.

രാവിലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം ഫ്‌ലാറ്റ് ഉടമകള്‍ക്ക് അനുകൂലമായി പ്രമേയം പാസാക്കിയെങ്കിലും നോട്ടീസ് നല്‍കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്.

തുടര്‍ന്ന് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ജെയിന്‍ കോറല്‍ ഫ്‌ലാറ്റിലാണ് ആദ്യമെത്തിയത്. എന്നാല്‍, ഗേറ്റ് പൂട്ടി ഉദ്യോഗസ്ഥരെ തടഞ്ഞു. പിന്നാലെ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഫഌറ്റു വളപ്പിലേക്ക്ു പ്രവേശിപ്പിച്ചത്. എന്നാല്‍, നോട്ടീസ് കൈപ്പറ്റാന്‍ ആരും തയാറായില്ല.

പിന്നാലെ ആല്‍ഫാ വെഞ്ചേഴ്‌സിലും ഗോള്‍ഡന്‍ കായലോരത്തിലും ഉദ്യോഗസ്ഥര്‍ എത്തി ജോലി പൂര്‍ത്തിയാക്കി. ഹോളി ഫെയത്ത് ഫ്‌ലാറ്റ് സമുച്ചയത്തില്‍ ഗേറ്റു തുറക്കാന്‍ തയാറാകാത്തതിനാല്‍ നോട്ടീസ് മതിലിലാണ് പതിച്ചത്.

ഫ്‌ലാറ്റ് പൊളിക്കുന്നതിന് വിവിധ ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുന്നതിനുളള നടപടികളും നഗരസഭ തുടങ്ങി. എന്നാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഫ്‌ലാറ്റ് ഉടമകളുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here