കോവിഡ് പശ്ചാത്തലത്തില്‍ നികുതി പരിഷ്‌കരണം നീട്ടി വച്ച് ബാലഗോപാലിന്റെ ആദ്യ ബജറ്റ്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ നികുതി വര്‍ദ്ധനവ് ഒഴിവാക്കി കെ.എന്‍. ബാലഗോപാലിന്റെ കന്നി ബജറ്റ്. നികുതിയില്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ തുടരും. പ്രതിസന്ധി ഘട്ടത്തില്‍ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും.

പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് 1000 കോടി രൂപ വായ്പ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. പലിശ ഇളവ് നല്‍കുന്നതിനായി 25 കോടി രൂപ നീക്കി വച്ചു. കെ.എഫ്.സിയുടെ വായ്പ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തും. ഈ വര്‍ഷം 4500 കോടി രൂപയുടെ പുതിയ വായ്പ കെ.എഫ്.സി. അനുവദിക്കും.

2020 മാര്‍ച്ചുവരെ കെ.എഫ്.സിയില്‍ കൃത്യമായി തിരിച്ചടവ് നടത്തിയവര്‍ക്ക് 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇവര്‍ക്ക് 20 ശതമാനം കൂടി അധികമായി അനുവദിക്കും. പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മോറട്ടോറിയം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആയുഷ് വകുപ്പിന് 20 കോടിയും വിനോദ സഞ്ചാര വകുപ്പിന്റെ മാര്‍ക്കറ്റിംഗിന് 50 കോടി രൂപയും അനുവദിച്ചു. വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകും. കെ.ആര്‍. ഗൗരിയമ്മയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മ്മിക്കുന്നതിന് 5 കോടി രൂപ വീതം വകയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ലക്ഷം ലാപ്‌ടോപ്പുകള്‍ നല്‍കും. കെ.എസ്.ആര്‍.ടി.സി. സി.എന്‍.ജി. ബസുകള്‍ക്കായി 100 കോടി വകയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here