കളിക്കാന്‍ കൂട്ടുകാരില്ല… തമിഴ്‌നാട്ടിലേക്ക് പോകാന്‍ 9കാരന്‍ വീടുവിട്ടിറങ്ങി

തൃശൂര്‍: കളിക്കാന്‍ കൂട്ടുകാരില്ലാത്തതില്‍ വിഷമിച്ച് തമിഴ്‌നാട്ടിലേക്ക് നടന്നുപോകാന്‍ ശ്രമിച്ച് 9 യസുകാരന്‍. തൃശൂര്‍ വല്ലച്ചിറയിലാണ് സംഭവം. തമിഴ്‌നാട്ടിലെ നാമക്കല്ലിലേക്ക് നടന്നുതുടങ്ങിയ 9കാരനെ 30 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തുകയായിരുന്നു. സഹോദരിയുടെയും കൂട്ടുകാരുടെയും അടുത്തെത്തുകയായിരുന്നു ലക്ഷ്യം. 12 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. വല്ലച്ചിറയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളുടെ മകനാണ് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമം നടത്തിയത്.

ബുധനാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും സമൂഹമാധ്യമങ്ങളിലൂടെയടക്കം പ്രചരിപ്പിച്ച് അന്വേഷണം തുടങ്ങി. കൊടകരയില്‍വെച്ച് ഒരു ഓട്ടോ ഡ്രൈവര്‍ കുട്ടിയെ തിരിച്ചറിയുകയായിരുന്നു. തമിഴ്‌നാട്ടില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് 50 രൂപയുമായി കുട്ടി ഓട്ടോ ഡ്രൈവറെ വിവരം സമീപിക്കുകയായിരുന്നു. ഇയാള്‍ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചെങ്കിലും ഇവര്‍ എത്തിയപ്പോഴേക്കും കുട്ടി ഇവിടെ നിന്നും പോയിരുന്നു.

പിന്നീട് മറ്റൊരു സ്ഥലത്ത് രാത്രിയില്‍ കുട്ടിയെ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാര്‍ ചേര്‍ന്ന് കൊടകര സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 15 ദിവസം മുന്‍പാണ് മാതാപിതാക്കള്‍ കുട്ടിയെ വല്ലച്ചിറയില്‍ എത്തിക്കുന്നത്. ഇവിടെ കൂട്ടുകാര്‍ ഇല്ലാത്തതിന്റെ വിഷമത്തിലാണ് താന്‍ തമിഴ്‌നാട്ടിലേക്ക് തന്നെ പോകാന്‍ ഒരുങ്ങിയതെന്ന് കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here