തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളില്‍ നിയന്ത്രണം ശക്തമാക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി. പരമാവധി 15 പേര്‍ക്ക് പ്രവേശിക്കാം. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ബാങ്കുകള്‍ക്ക് അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. എന്നാല്‍, പൊതുജനങ്ങള്‍ക്കു പ്രവേശനം മൂന്നു ദിവസം മാത്രമായിരിക്കും.

18-23 വയസുവരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഉടന്‍ ക്ലാസുകള്‍ തുടങ്ങും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ലഭ്യമായതിനെ തുടര്‍ന്ന് ജൂലൈ ഒന്നു മുതല്‍ ക്ലാസ് തുടങ്ങും. സ്‌കൂള്‍ അധ്യാപകരുടെ വാക്‌സിനേഷന്‍ മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള 277 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവ എ വിഭാഗത്തില്‍ ഉള്‍പ്പെടും. ടി.പി.ആര്‍. എട്ടിനും 16നും ഇടയലുള്ള ബി വിഭാഗത്തില്‍ 575 പ്രദേശങ്ങളുണ്ട്. 16-24 ശതമാനമാനത്തിന് ഇടയില്‍ ടി.പി.ആറുള്ള 171 പ്രദേശങ്ങള്‍ സി വിഭാഗത്തിലും ഉള്‍പ്പെടും. 11 ഇടത്ത് ടി.പി.ആര്‍ 24 ശതമാനത്തിനു മുകളിലാണ്. ഇവ ഡി. വിഭാഗത്തില്‍ ഉള്‍പ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാറ്റഗറി എ, ബി എന്നിവയിലുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും 50 ശതമാനം വരെ ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. കാറ്റഗറി സിയില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും 25 ശതമാനം വരെ ജീവനക്കാരോശട പ്രവര്‍ത്തനം അനുവദിക്കും. ടെലിവിഷന്‍ പരമ്പരകള്‍ക്കു ചിത്രീകരണത്തിനും ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിനും അനുമതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here