തിരുവനന്തപുരം: കോവിഡ് കേസുകൾ ഉയരുകയാണെങ്കിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകും പരീക്ഷ തുടരുകയെന്നും വകുപ്പ് വ്യക്തമാക്കി. എസ്എസ്എൽസിക്ക് നാല് പരീക്ഷകളാണ് ഇനി അവശേഷിക്കുന്നത്.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന അധ്യാപക- അനധ്യാപക ജീവനക്കാർ നിശ്ചയമായും ട്രിപ്പിൾ ലെയർ മാസ്ക് ഉപയോഗിക്കണമെന്നും വിദ്യാർഥികളും കഴിയുന്നതു ട്രിപ്പിൾ ലെയർ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്നത് ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തണം. ഐ ആർ തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചശേ,മേ വിദ്യാർഥികളെ സ്കൂൾ കോമ്പൗണ്ടുകളിലേക്ക് പ്രവേശിപ്പിക്കാവൂ. സാനിറ്റൈസർ / സോപ്പ് ലഭ്യത ഉറപ്പാക്കണം.

കോവിഡ് പോസിറ്റീവായ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പ്രത്യേകമായി സ്വീകരിച്ച് മൂല്യനിർണയ ക്യാമ്പിലേക്ക് അയക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായ വിദ്യാർഥികൾ, ക്വറന്റീനിലുള്ള വിദ്യാർഥികൾ, ശരിരോഷ്മാവ് കൂടിയവർ എന്നിവർക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളിൽ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങൾ സ്കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്.

വിദ്യാർഥികള്‍ക്ക് സ്കൂളുകളിൽ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യവും പ്രധാനാധ്യാപകർ ഉറപ്പാക്കണം. പരീക്ഷ കഴിഞ്ഞാലുടൻ ഹാൾ സാനിറ്റൈസ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറും അറിയിച്ചു

സർവകലാശാല പരീക്ഷകൾ മാറ്റി

കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, മലയാള സർവകലാശാല, ആരോഗ്യ സർവകലാശാല, സംസ്‌കൃത സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവർ ഇന്നു മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here