തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ ശിവന്‍കുട്ടിയുടെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷം. വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. കേസിലെ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി ആവശ്യം തള്ളുകയും ചെയ്തു. ഇതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലേക്കും പ്രതിഷേധങ്ങളെത്തി.

പ്രതിപക്ഷത്തുനിന്നു പി.ടി. തോമസാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ നടപടിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നു വിശദീകരിച്ച മുഖ്യമന്ത്രി സര്‍ക്കാരിനു ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും കൂട്ടിച്ചേര്‍ത്തു. കേസ് പിന്‍വലിക്കാന്‍ എതിര്‍പ്പില്ലെന്ന്‌സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ വിചാരണ കോടതി ഇക്കാര്യമംഗീകരിച്ചില്ല. അതിനാലാണ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്. വിധി അംഗീകരിക്കുന്നുവെന്നും നടപടിയെ അസാധാരണമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട വനിതാ അംഗങ്ങളുടെ പരാതി അന്നത്തെ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു.

കയ്യാങ്കളി നടന്ന മാര്‍ച്ച് 13, 2015 കേരള നിയമസഭയുടെ ചരിത്രത്ത്ിലെ കറുത്ത അധ്യായമാണെന്നാണ് അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ പി.ടി. തോമസ് പറഞ്ഞത്. സുപ്രീം കോടതി വിധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ.എം. മാണിയാണ്. ഇപ്പോള്‍ ആന കരിമ്പിന്‍കാട്ടില്‍ കയറിയപോയെ എന്നല്ല, മറിച്ച് ശിവന്‍കുട്ടി നിയമസഭയില്‍ കയറിയപോലെ എന്നാണ് പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ എം.എല്‍.എമാര്‍ അഴിഞ്ഞാടുകയാണ് ചെയ്തത്.

കയ്യാങ്കളിക്കേസിലെ എം.എല്‍.എമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പോയ ഈ സര്‍ക്കാര്‍ സംസ്ഥാനത്തെ ദേശീയതലത്തില്‍ നാണം കെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസമന്ത്രി മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ ഡറസില്‍ കയറി അവിടെയുള്ള സാധനങ്ങള്‍ മുഴുവന്‍ തല്ലിത്തകര്‍ക്കുന്ന കാഴ്ചയാണ് ഇന്നലെയും ഇന്നുമായി ദേശീയ മാധ്യമങ്ങളില്‍ കാണുന്നത്. ഈ മന്ത്രിയാണോ കേരളത്തിലെ കുട്ടികള്‍ക്ക് മാതൃക കൊടുക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് എ.ബി.വി.പി രാവിലെ സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാര്‍ച്ചു നടത്തിയത്. ഇതു സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. കെ.എസ്.യു. അടക്കമുള്ള മറ്റു സംഘടനകളും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലേക്കെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here