യുഡിഎഫില്‍ ക്യാപ്റ്റന്‍ ഇല്ല, ആരാണ് ക്യാപ്റ്റനെന്ന് ജനങ്ങൾ തീരുമാനിക്കും’; ഉമ്മന്‍ ചാണ്ടി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാനത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. യുഡിഎഫിന്റെ ഐക്യവും മികച്ച പ്രകടന പത്രികയും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. മികച്ച സ്ഥാനാര്‍ഥികളേയും രംഗത്തിറക്കി. വലിയ പ്രതീക്ഷ ഇല്ലാത്ത മണ്ഡലങ്ങളില്‍ പോലും പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. യു.ഡി.എഫിൽ ക്യാപ്റ്റനില്ല. കൂട്ടായ നേതൃത്വം മാത്രമാണുള്ളത്. ആരാണ് ക്യാപ്റ്റനെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

‘കേരളത്തിലൊട്ടാകെ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് കൊല്ലത്തെ ഭരണ പരാജയവും ഇന്ന് അവര്‍ നേരിടുന്ന ആക്ഷേപങ്ങളും ജനങ്ങളില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഒരിക്കലും നേതൃത്വം സംബന്ധിച്ച പ്രശ്‌നം ഉണ്ടായിട്ടില്ല. ക്യാപ്റ്റനെ വെക്കുന്ന രീതി യുഡിഎഫില്‍ ഇല്ല. കൂട്ടായ നേതൃത്വമാണ് യുഡിഎഫില്‍ ഉള്ളത്. ‘

ബിജെപി അധികാരവും പണവും ഉപയോഗിച്ച് പ്രചരണരംഗത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. അതല്ലാതെ ജനങ്ങളിലേക്ക് കടന്നുചെന്നിട്ടില്ല. കാടിളക്കിയുള്ള പ്രചാരണത്തില്‍ കാര്യമില്ല. പ്രധാനമന്ത്രി തന്നെ ശബരിമല വിഷയം എടുത്തിട്ടു. ശബരിമല വിഷയം ഉയർത്താൻ ബിജെപിക്ക് അവകാശമില്ല. അധികാരം ഉണ്ടായിട്ടും ശബരിമലയിൽ നിയമനിർമ്മാണം നടത്താൻ ബിജെപിക്കായില്ലെന്ന് ഉമ്മൻചാണ്ടി വിമര്‍ശിച്ചു.വിശ്വാസികള്‍ വലിയ പ്രശ്‌നം നേരിടുന്ന സമയത്ത് പ്രധാനമന്ത്രി ഇടപെട്ടോ,  അദ്ദേഹത്തിന് അധികാരമുണ്ട് എന്നാല്‍ അതൊന്നും വിനിയോഗിച്ചിട്ടില്ല. ബിജെപിയുടെ കാടിളക്കിയുള്ള പ്രചാരണം വോട്ടായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലെ പ്രശ്നങ്ങൾ ജയത്തെ ബാധിക്കില്ല. ജോസ് കെ മാണിയുടെ വരവ് എൽഡിഎഫിന് ഗുണം ചെയ്യില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ഉൾപ്പടെ അത് കണ്ടതാണ്. രാഹുൽ ഗാന്ധിയുടെ പ്രചാരണം ഗുണം ചെയ്തുമെന്നും യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് എൽഡിഎഫിന് മറുപടി ഇല്ലാതെ പോയെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here