തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഇത്തവണ മെയ് ആദ്യവാരം നടക്കും. കേരളം, തമിഴ്നാട്, ആസാം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്നാട് നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. അതിനു മുമ്ബായി അടുത്ത സര്‍ക്കാര്‍ അധികാരമേല്‍ക്കണം. കേരളത്തില്‍ ജൂണ്‍ ഒന്നു വരെ സമയമുണ്ട്. എന്നിരുന്നാലും അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഒരുമിച്ചാകും പ്രഖ്യാപിക്കുക. കേരളത്തില്‍ രണ്ടിലേറെ ഘട്ടമായാകും ചിലപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുക.
ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ കൂടുതല്‍ സീറ്റ് ഉള്ളതിനാല്‍ കൂടുതല്‍ ഘട്ടം വേണ്ടിവരും. അതു കൊണ്ടു തന്നെ ഏപ്രില്‍ മൂന്നാം ആഴ്ച തന്നെ തെരഞ്ഞെടുപ്പ് തുടങ്ങാനാണ് സാധ്യത. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ചിഫ് സെക്രട്ടറിമാര്‍ക്കും, ഇലക്ടറല്‍ ഓഫിസര്‍മാര്‍ക്കും കത്തയച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റമടക്കമുള്ള വിഷയങ്ങളില്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കമ്മീഷന് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയടക്കം മാറേണ്ട സാഹചര്യമുണ്ട്. ഇക്കാര്യത്തില്‍ കമ്മിഷന് അടുത്തയാഴ്ച തീരുമാനമെടുക്കും. ബെഹ്റയെ ഏതു വിധേനെയും തുടരാന്‍ സര്‍ക്കാര്‍ പ്ലാനുണ്ട്. അതല്ല കമ്മീഷന് നിര്‍ബന്ധിച്ച് ബെഹ്റയെ മാറ്റിയാല്‍ പകരം ആ സ്ഥാനത്തേക്ക് ടോമിന് തച്ചങ്കരിയെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.