നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക ഇന്നോ നാളെയോ ആയി പ്രഖ്യാപിക്കുമെന്നാണ് സൂചന. നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള ആലോചനകള്‍ സജീവമാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ ഉള്ള സന്നദ്ധത കെ മുരളീധരന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ സ്ക്രീനിങ് കമ്മിറ്റി യോഗം വീണ്ടും ചേരുന്നുണ്ട്. ഇതിനു പിന്നാലെ ഇന്നു തന്നെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കാന്‍ ആകുമോ എന്നാണ് നേതാക്കള്‍ നോക്കുന്നത്. ബിജെപി ശക്തമായ സാന്നിധ്യമറിയിക്കുന്ന നേമം,വട്ടിയൂര്‍ക്കാവ്,കഴക്കൂട്ടം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് പ്രതിസന്ധിയില്‍. നേമത്ത് കെ മുരളീധരനെ ഏതുവിധേനെയും മത്സരിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നേരത്തെ എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനം. മുരളീധരന് പകരം രമേശ് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ മത്സരിച്ചാല്‍ ജയ സാധ്യത കുറവാണ് എന്നാണ് നിഗമനം. ഒ രാജഗോപാല്‍ ജയിച്ച മണ്ഡലത്തിലാണ് കോണ്‍ഗ്രസ് മുരളീധരനെ പരീക്ഷിക്കുന്നത്.
കെ സി ജോസഫ്,ജോസഫ് വാഴക്കന്,കെ ബാബു എന്നിവരെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തര്‍ക്കം നിലനില്ക്കുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് പകരം സൗമിനി ജെയിന് വന്നേക്കും.