ഭാഗ്യ നമ്പരാകുമോ 13? സിപിഐയുടെ എതിർപ്പ് വിലപ്പോയില്ല; ചങ്ങനാശേരിയും ജോസിന്

തിരുവനന്തപുരം: ഇടതുമുന്നണി സീറ്റ് വിഭജനത്തിൽ നേട്ടം കൊയ്ത് ജോസ് കെ മാണി വിഭാഗം. കേരള കോണ്‍ഗ്രസ് എമ്മിന് 13 സീറ്റുകൾ നല്‍കാന്‍ ധാരണയായി. കേരളാ കോൺഗ്രസ് മാണി യുടെ രാഷ്ട്രീയത്തിൽ നിർണായകമായ അക്കമാണ് 13.

2015 മാർച്ച് 13 നാണ് ബജറ്റ് അവതരിപ്പിക്കാൻ എത്തിയ കെഎം മാണിയെ സിപിഎം അംഗങ്ങൾ നിയമസഭയിൽ തടഞ്ഞ് പ്രതിഷേധം വെച്ചത്. അത് ധനമന്ത്രി എന്ന നിലയിൽ കെഎം മാണിയുടെ പതിമൂന്നാമത്തെ ബജറ്റ് ആയിരുന്നു. 1965 മുതൽ കെഎം മാണിയുടെ പാലായിൽ നിന്നുള്ള പതിമൂന്നാമത്തെ ജയമായിരുന്നു 2016 ലേത്. ഇതിനു ശേഷം അദ്ദേഹം മത്സരിച്ചതുമില്ല ബജറ്റ് അവതരിപ്പിച്ചുമില്ല. ആ 13, തുടർന്ന് കെഎം മാണിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ പിൻഗാമിയായ  ജോസ് കെ മാണിയുടെ ഭാഗ്യനമ്പർ ആകുമോ എന്നാണ് കാണേണ്ടത്.

അത് എന്തായാലും ചുരുക്കത്തിൽ കെഎം മാണിയുടെ രാഷ്ട്രീയ കൗശലത്തേക്കാൾ ബഹുദൂരം മുന്നിലാണ് എതിരാളികൾ അത്ര വില നൽകാത്ത ജോസ് കെ മാണിയുടെത് എന്നത് വ്യക്തമായി. യുഡിഎഫിനൊപ്പം നിന്നപ്പോൾ പോലും കേരളാ കോൺഗ്രസ് (എം)ന് 10 സീറ്റ് മാത്രമാണ് ലഭിച്ചത് കാരണം 2016 ലെ 15 സീറ്റുകളിൽ അഞ്ചെണ്ണം ജോസഫ് പക്ഷമാണ് മത്സരിച്ചത്.

എന്നാൽ ഇപ്പൊ കഥയാകെ മാറി. അഞ്ചുകൊല്ലം മുമ്പ് നടത്തിയ അപമാനത്തിന്റെ പശ്ചാത്താപമോ പ്രായശ്ചിത്തമോ ആയി സിപിഎം കേരളാ കോൺഗ്രസിന് വാരിക്കോരി നൽകി.ഇതിന് പ്രാദേശിക എതിർപ്പുകൾ പോലും ‘ വല്യേട്ടൻ’ വക വെക്കുന്നില്ല എന്നത് ചില സിപിഐ നേതാക്കളെ എങ്കിലും അമ്പരപ്പിക്കുന്നുണ്ട്. സിപിഎം ശക്തി കേന്ദ്രങ്ങളായ റാന്നി, പെരുമ്പാവൂർ, ചാലക്കുടി, കുറ്റ്യാടി മണ്ഡലങ്ങളിൽ സിപിഎം നേതാക്കളും ഇതിനെ എതിർക്കുന്നുണ്ട്.

ഘടകകക്ഷിയായ മറ്റൊരു പാർട്ടിക്കും നൽകാത്ത പോലെ ജോസ് കെ. മാണി ആവശ്യപ്പെട്ട അത്രയും സീറ്റ് സിപിഎം അവർക്ക് നൽകി എന്നതാണ് ശ്രദ്ധേയം. നാലുസീറ്റ് ചേദിച്ച എല്‍ ജെ ഡിക്ക് ആവശ്യം പരിഗണിച്ചില്ല. ഏഴുസീറ്റ് സി പി എമ്മും രണ്ടുസീറ്റ് സി പി ഐയും മൂന്നുസീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസും എന്‍ സിപി, ജെ ഡി എസ്, കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം എന്നിവര്‍ ഓരോ സീറ്റുവീതവും നഷ്ടപ്പെടുത്തിയാണ് പുതിയ കക്ഷികള്‍ക്ക് സീറ്റ് നല്‍കിയത്. ഇതോടെ സ്‌കറിയ തോമസ് വിഭാഗത്തിന് സീറ്റില്ലാതായി. നാലുസീറ്റില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് ഒന്നിലേക്ക് ചുരുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here