തിരുവനന്തപുരം : പരസഹായത്തോടെ മാത്രം നടക്കാന്‍ സഹാധിക്കുന്ന എണ്‍പത് വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും അംഗപരിമിതര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് നടപടി ക്രമങ്ങള്‍ പ്രകാരം അനുമതി നല്‍കും. എന്നാല്‍ കൊറോണ രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച്‌ തീരുമാനമായില്ലെന്നും അദ്ദേഹം അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. സ്വയം എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്തവര്‍ക്കും പോ്‌സ്റ്റല്‍ വോട്ട് അനുവദിക്കുന്നത് ഇത് ആദ്യമായാണ്. ഇതിനായി എണ്‍പത് വയസ്സില്‍ കൂടുതലുള്ളവരുടേയും അംഗപരിമിതരുടേയും പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം തയ്യാറാക്കുന്നതാണ്.

തപാല്‍ വോട്ട് ആവശ്യപ്പെടുന്നവര്‍ക്ക് തപാലില്‍ തന്നെ ബാലറ്റ് അയച്ച്‌ കൊടുക്കും. വോട്ട് ചെയ്ത് മടക്കി തപാലില്‍ അയക്കണം. അതേസമയം തപാല്‍ വോട്ടിനായി വോട്ടെടുപ്പ് തീയതിക്ക് ഒരു മാസം മുന്‍പ് അപേക്ഷിക്കണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ഏങ്ങനെയാണ് വോട്ടെന്ന് പരിശോധിച്ച്‌ വരികയാണ്. ഇതുസംബന്ധിച്ച്‌ ഉന്നതതല യോഗം ചേര്‍ന്നശേഷം തീരുമാനം കൈക്കൊള്ളുമെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here