തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം നാളെ. മന്ത്രിസഭാ തീരുമാനത്തോട് ഗവര്‍ണര്‍ അനുകൂലമായി പ്രതികരിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. നയപ്രഖ്യാപന പ്രസംഗത്തിലും കര്‍ഷക സമരവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം. കേന്ദ്രകാര്‍ഷിക നിയമ ഭേദഗതിക്കെതിരെ ഈ മാസം 31 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനാണ് മന്ത്രിസഭാ ശുപാര്‍ശ. ഇതേ കാര്യത്തിന് ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ തള്ളിയിരുന്നു.
ക്രിസ്മസ് അവധിയായതിനാല്‍ പുതിയ ശുപാര്ശയിന്മേല് ഇന്ന് ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ ഇടയില്ല. നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ എന്തു നിലപാട് എടുക്കും എന്നതും പ്രസക്തമാണ്. ജനുവരി 8ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ കേന്ദ്ര നിയമത്തിനെതിരെ ബദല്‍ നിയമനിര്‍മാണത്തിനുള്ള നീക്കവും സജീവമാണ്. ബദല്‍ നിയമ നിര്‍മാണം ബജറ്റ് സമ്മേളനത്തിലുണ്ടാകും.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും കര്‍ഷക സമരത്തിന് അനുകൂല പരാമര്ശങ്ങളുണ്ടാകുമെന്നുറപ്പായി. പ്രസംഗത്തിന്റെ കരടിന് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഗവര്‍ണര്‍ക്ക് വിവാദ ഭാഗം വായിക്കാതെ വിടുകയോ പൗരത്വ നിയമ ഭേദഗതിക്കാലത്തേത് പോലെ വിയോജിപ്പ് രേഖപ്പെടുത്തി വായിക്കുകയോ ചെയ്യാം.