ബിഹാറിൽ നിതീഷ് കുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പട്ന: ബിഹാറിൽ എൻ.ഡി.എ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാർ മുഖ്യമന്ത്രിയാകും. എൻ.ഡി.എ യോഗത്തിലാണ് തീരുമാനം. വകുപ്പ് വിഭജന ചർച്ചകൾ എൻ.ഡി.എയിൽ തുടരുകയാണ്. ആഭ്യന്തരവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളിൽ ബി.ജെ.പി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

തുടർച്ചയായ നാലാം തവണയാണ്  നിതീഷ് കുമാർ‍ ബിഹാർ‍ സർക്കാരിന്റെ നേതൃത്വത്തിലെത്തുന്നത്. പ്രധാന വകുപ്പുകൾ‍ ജെ.ഡി.യുവിന് തന്നെ വേണമെന്ന ജെ.ഡി.യു അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദം നൽ‍കിയതിനാൽ‍ ജെ.ഡി.യുവിന് കൂടുതൽ ആവശ്യങ്ങൾ‍ ഉന്നയിക്കാനാവില്ല. സഖ്യത്തിൽ‍ കൂടുതല്‍ സീറ്റുകളുള്ള ബി.ജെ.പിയും പ്രധാന വകുപ്പുകൾ കൈക്കലാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

മന്ത്രിസ്ഥാനത്തേക്കില്ലെന്ന് മുൻമുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർ‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി, എച്ച്.എ.എം, എന്നീ പാർട്ടികളുടെ നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി.ചിരാഗ് പസ്വാൻ നയിക്കുന്ന എൽ.ജെ.പിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ‍ ബി.ജെ.പി തീരുമാനിക്കുമെന്നാണ് നിതീഷ് കുമാറിന്റെ പ്രതികരണം.

  ജെ.ഡി.യു ബിഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത് തടയാനായിരുന്നു ബി.ജെ.പിയിൽ നിന്ന് മാറി എൽ.ജെ.പി സ്വതന്ത്രമായി ബിഹാറിൽ മത്സരിച്ചിരുന്നത്. ചിരാഗ് പാസ്വന്റെ എൽ.ജെ.പി ക്ക് ഒരിടത്ത് മാത്രമാണ് ജയിക്കാനായതെങ്കിലും ജെ.ഡി.യു വിന് പലയിടത്തും കനത്ത വെല്ലുവിളി ഉയർത്താനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here