ഡല്‍ഹി: രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒരു ദേശീയപാതയിലും ടോള്‍ പ്ലാസ പോലും കാണില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പണം നല്‍കാനായി ഒരു പ്ലാസയിലും ഒരു വാഹനത്തിനും വരിനില്‍ക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.ജിപിഎസ് ടെക്‌നോളജി ഉപയോഗിച്ച്‌ വാഹനങ്ങളില്‍ നിന്ന് പണം ഈടാക്കും. ഈ സംവിധാനം വഴി സഞ്ചാര ദിശ കൃത്യമായി മനസിലാക്കാനും പണം സാങ്കേതിക വിദ്യ വഴി ഈടാക്കാനും സാധിക്കും. വാഹനഗതാഗതത്തെ അടിസ്ഥാനമാക്കി ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഈടാക്കുമെന്ന് അസോചാം ഫൗണ്ടേഷന്റെ ഫൗണ്ടേഷന്‍ വാര പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വിശദീകരിച്ചു

ജിപിഎസ് അടിസ്ഥാനമാക്കിയ ടോള്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ മന്ത്രാലയം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 24000 കോടിയാണ് ടോള്‍ പിരിച്ചത്. ഇക്കുറി അത് 34000 ടോളാക്കാനാണ് ശ്രമം. ഫലത്തില്‍ ടോള്‍ പ്ലാസകള്‍ ഒഴിവാകുമെങ്കിലും ടോള്‍ പിരിക്കുന്നത് ഒഴിയില്ല എന്ന് വ്യക്തം. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് പ്ലാസകളില്‍ നിര്‍ത്തേണ്ടി വരുന്ന സമയം ഇല്ലാതാക്കാന്‍ മാത്രമായിരിക്കും ഇത് ഉപകരിക്കുക.

ഇപ്പോള്‍ എല്ലാ വാണിജ്യ വാഹനങ്ങളും വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനവുമായി ഇറങ്ങുന്നുണ്ടെങ്കിലും പഴയ വാഹനങ്ങളില്‍ ജിപിഎസ് സാങ്കേതികവിദ്യ ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച്‌ മാസത്തോടെ ടോള്‍ പിരിവ് 34,000 കോടി രൂപയിലെത്തുമെന്ന് മന്ത്രി പ്രത്യാശിച്ചു. ടോള്‍ പിരിവിനായി ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടോള്‍ വരുമാനം 1,34,000 കോടി രൂപയാകുമെന്നും ഗഡ്കരി അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1681507

LEAVE A REPLY

Please enter your comment!
Please enter your name here