ഡല്‍ഹി: ക്രൂരകൃത്യത്തിന്റെ പര്യായമായി മാറിയ നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. മരണവാറണ്ടു പ്രകാരം, തീഹാര്‍ ജയിലില്‍ പുലര്‍ച്ചെ 5.30നു തന്നെ അക്ഷയ് ഠാക്കൂര്‍, പവന് ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരുടെ മരണശിക്ഷ നടപ്പാക്കി.
ആരാച്ചാര്‍ പവന് ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്. ആറു മണിയോടെ മൃതദേഹങ്ങള്‍ തൂക്കുമരത്തില്‍ നിന്നു നീക്കി. കുറ്റം നടന്ന് ഏഴു വര്‍ഷവും മൂന്നു മാസവും പിന്നിടുമ്പോഴാണ് ശിക്ഷ നടപ്പാക്കിയത്. നീതി ലഭിച്ചതായി നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. ജയിലിനു പുറത്തും പല ഭാഗങ്ങളിലും ആഹ്ളാദ പ്രകടനങ്ങളും നടന്നു.
ശിക്ഷ നടപ്പിലാക്കുന്നതു തടയാന്‍ പ്രതികളുടെ അഭിഭാഷകര്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നടത്തിയ നിയമപോരാട്ടാം വിജയിച്ചില്ല. കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസിലെ മറ്റൊരു പ്രതി രാം സിംഗ് 2013 മാര്‍ച്ചില്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.