ഡല്‍ഹി: എല്ലാവര്ക്കും മിനിമം വേതനം ഉറപ്പാക്കാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ദേശീയ അടിസ്ഥാന വേതനമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുമെന്നു ധനമന്ത്രി വ്യക്തമാക്കി. അതിഥി തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, ചെറുകിട വ്യവസായം എത്തിവയ്ക്ക് ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു.
ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരും താമസിക്കുന്ന സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുമായ എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും അഞ്ച് കിലോ ധാന്യവും ഒരു കിലോ പയര്‍ വര്‍ഗങ്ങളും രണ്ടു മാസത്തേക്കു നല്‍കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് നടത്തിപ്പ് ചുമതലയുള്ള ഈ പദ്ധതിയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31വരെ നീട്ടിയതായും മന്ത്രി വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്നു പദ്ധതികളാണുള്ളത്. കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി രണ്ടു പദ്ധതികള്‍ വീതം പ്രഖ്യാപിച്ചു. 25 ലക്ഷം പുതിയ കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാകുന്ന വിധത്തില്‍ പൂര്‍ണമായും റേഷന്‍ കാര്‍ഡ് പോര്‍ട്ടബിലിറ്റി നടപ്പാക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഓരോരുത്തര്‍ക്കും അഞ്ച് കിലോ ധാന്യം, ഒരു കുടുംബത്തിന് ഒരു കിലോ കടല എന്നിവ പ്രതിമാസം നല്‍കും. എട്ടു കോടി അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്ത രണ്ടു മാസത്തേക്ക് എല്ലാ കുടിയേറ്റ് തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കും. അസംഘടിത മേഖലയില്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കും.
കുടിയേറ്റ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും പാര്‍പ്പിടവും ഒരുക്കുന്നതിനായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ റസ്പോണ്‍സ് ഫണ്ട് (എല്‍.ഡി.ആര്.എഫ്) ഉപയോഗിക്കാനായി സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്കി. ഇതിന്റെ ഭാഗമായി 11002 കോടി രൂപ മുന്‍കൂട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഏപ്രില്‍ മൂന്നിന് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.