ബസുകൾ ഇടിച്ച് അപകടം: പാലക്കാട് ഒമ്പതു പേർ മരിച്ചു

പാലക്കാട് | വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സിക്കു ബസിന്‌ പിന്നിൽ ഇടിച്ച് ഒമ്പതുപേർ മരിച്ചു.

ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികൾ ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തിൽ പെട്ടത്. സൂപ്പർഫാസ്റ്റ് ബസ് കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.

അപകടസ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയർത്തിയപ്പോൾ രണ്ട്‌ അധ്യാപകരും ഒരു വിദ്യാർഥിയുമടക്കം മൂന്നുപേർ ബസിനടിയിലുണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചായിരുന്നു രക്ഷാപ്രവർത്തനം.

അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ്ബസ് സൂപ്പർ ഫാസ്റ്റിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നുവെന്നാണ് പാഥമിക നിഗമനം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി.

മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൻ അനൂപാണ്‌ (22) പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ മരിച്ചത്. വസ്ത്രത്തിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽനിന്നാണ് പേരുവിവരം കിട്ടിയത്. ഇയാൾ സൂപ്പർഫാസ്റ്റിലെ യാത്രക്കാരനാണെന്ന് കരുതുന്നു. അധ്യാപകനായ വിഷ്ണുവും തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നുപേരുമാണ്‌ ആലത്തൂർ താലൂക്ക്‌ ആശുപത്രിയിൽ മരിച്ചത്‌. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഹിത്‌ രാജും (24) അപകടത്തിൽ മരിച്ചു. ജില്ലാ ആശുപത്രിയിൽ മരിച്ച മറ്റു മൂന്നുപേരിൽ രണ്ടുപേർ സ്ത്രീകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here