നിലക്കല്‍- പമ്പ കെ.എസ്.ആര്‍.ടി.സി. നിരക്ക് ഹൈക്കോടതി അംഗീകരിച്ചു

0

കൊച്ചി: നിലക്കല്‍ പമ്പ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി നിരക്ക് ഹൈക്കോടതി അംഗീകരിച്ചു. ഈ അവസരത്തില്‍ നിരക്കു വര്‍ദ്ധനവിനെതിരെ സമര്‍പ്പിച്ചിരുന്ന എല്ലാ ഹര്‍ജികളും കോടതി തള്ളി.നിലക്കല്‍ ബേസ് ക്യാമ്പുമുതല്‍ പമ്പവരെ അയ്യപ്പ ഭക്തരെ എത്തിക്കാന്‍ തയ്യാറാണെന്ന് കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചു.

നിലക്കല്‍ മുതല്‍ പമ്പവരെയുള്ള സര്‍വ്വീസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഈ വര്‍ഷം ഒന്‍പത് രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അതേസമയം പമ്പയിലേക്ക് കൂടുതല്‍ വാഹന സൗകര്യങ്ങള്‍ വേണമെന്ന ഹര്‍ജി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പമ്പയിലേക്ക് സര്‍വ്വീസ് നടത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വകാര്യ ബസുകള്‍ക്കു കൂടി അനുമതി നല്‍കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പരാമര്‍ശിച്ചത്.

പമ്പയെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ വേണ്ടെന്ന നിലപാടില്‍ എത്തിയത്. നിലക്കല്‍ ആണ് ബേസ് ക്യാമ്പ് .മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സിക്ക് പമ്പവരെ സര്‍വ്വീസ് നടത്താമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ ബസുകള്‍ക്കും പമ്പവരെ പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. മാസ്റ്റര്‍പ്ലാന്‍ പ്രകാരം നിലക്കല്‍ വരെ മാത്രമെ ബസുകള്‍ക്കു വരാന്‍ സാധിക്കുകയുള്ളു എന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഓരോ മിനിട്ട് ഇടവിട്ട് നോണ്‍ എ.സി ബസുകളും രണ്ട് മിനിട്ട് ഇടവിട്ട് എ.സി ബസുകളും ചെയിന്‍ സര്‍വീസ് നടത്തും. ഇതിനായി 250 ബസുകളാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നോണ്‍ എ.സി സര്‍വീസുകള്‍ക്ക് 40 രൂപയും എ.സി സര്‍വീസുകള്‍ക്ക് 75 രൂപയും ഈടാക്കും.
നിലയ്ക്കല്‍പമ്പ റൂട്ടില്‍ 24 മണിക്കൂറും ചെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും. ഇതിനായി 10 ഇലക്ട്രിക് ബസും ഇറക്കും. നവംബര്‍ 16 മുതല്‍ നിലയ്ക്കല്‍ പമ്പ റൂട്ടില്‍ തുടര്‍ച്ചയായി സര്‍വീസ് നടത്തും. നിലയ്ക്കലിലും പമ്പയിലും കെ.എസ്.ആര്‍.ടി.സിയുടെ പെയ്ഡ് ക്ലോക്ക് റൂം സംവിധാനം ഉണ്ടായിരിക്കും. പരമാവധി 48 മണിക്കൂര്‍ വരെ നിശ്ചിത തുക അടച്ച് ലഗേജുകള്‍ ഇവിടെ സൂക്ഷിക്കാം.
എയര്‍പോര്‍ട്ടില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും തീര്‍ത്ഥാടകരെ സ്വീകരിച്ച് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ കൊണ്ടുവിടുന്നതരത്തില്‍ ടൂര്‍ പാക്കേജ് ക്രമീകരിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി യുടെ വെബ്‌സൈറ്റ് വഴി മുന്‍കൂര്‍ ബുക്കിംഗ് നടത്താം. പമ്പനിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് കമ്പ്യൂട്ടര്‍വത്കരിച്ച ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനമായിരിക്കും. ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ടിക്കറ്റും സൈറ്റില്‍ ലഭ്യമാകും. സൈറ്റില്‍ നിന്ന് ടിക്കറ്റെടുത്തു കഴിഞ്ഞ് പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ ടിക്കറ്റും എടുക്കാം.

നിലയ്ക്കലിലും പമ്പയിലുമായി 15 ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കും. 15 കിയോസ്‌കുകളും സജ്ജീകരിക്കും. തുക അടച്ചോ, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ടിക്കറ്റ് എടുക്കാം. എല്ലാ ബുക്കിംഗ് കൗണ്ടറുകളിലും ഇ പോസ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here