എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കര്‍ഷക സംഘടന നേതാവ്

ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ ചോദ്യം ചെയ്യല്ലിന് ഹാജരാവില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിങ് സിര്‍സ. നാളെ ഹാജരാകാന്‍ അദ്ദേഹത്തിന് ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു. പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റിയുടെ (എല്‍.ബി.ഐ.ഡബ്ല്യു.എസ്) പ്രസിഡന്റ് കൂടിയാണ് സിർസ.

സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്.എഫ്‌.ജെ) എന്ന സംഘടനയ്ക്ക് എതിരായ കേസിൽ ഞായറാഴ്ച ഡൽഹിയിലെ എൻ.ഐ.എ ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. യു.എസ്​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന സിഖ്​ ഫോർ ജസ്റ്റിസുമായി ബന്ധമുള്ള പഞ്ചാബ്​ സ്വദേശികൾക്കെതിരെയാണ്​ എൻ.ഐ.എ, ​എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​. ഇതിൽ വിനോദ യാത്ര ബസ്​ ഓപ്പറേറ്റർ, ചെറുകിട വ്യവസായികൾ, കേബ്​ൾ ടി.വി ഓപ്പറേറ്റർമാർ തുടങ്ങിയവർ ഉൾപ്പെടും. കൂടാതെ മാധ്യമപ്രവർത്തകർക്കും എൻ.ജി.ഒകളിൽ പ്രവർത്തിക്കുന്നവർക്കും​ നോട്ടീസ്​ അയച്ചിട്ടുണ്ട്​.

യു.എസിൽനിന്നുള്ള ഗുർപത്​വന്ത്​ സിങ്​ പന്നു, യു.കെ ആസ്​ഥാനമായി പ്രവർത്തിക്കുന്ന പരംജീത്​ സിങ് പമ്മ, കാനഡയിലെ ഹർദീപ്​ സിങ്​ നിജ്ജാർ എന്നിവർക്കെതിരെയാണ്​ ഡിസംബർ 15ന്​ ഡൽഹിയിൽ എഫ്.ഐ.ആർ രജിസ്റ്റർ​ ചെയ്​തത്​. സിഖ്​ ഫോർ ജസ്റ്റിസിന്‍റെ തലവനാണ്​ പന്നു.

എസ്.എഫ്‌.ജെയെ പോലെയുള്ള ഖലിസ്ഥാനി സംഘടനകള്‍ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കി ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ മാസങ്ങളില്‍ നിരോധിത ഖലിസ്ഥാനി സംഘടനകളിലെ അംഗങ്ങള്‍, കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലെ എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഡിസംബര്‍ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എ, ഇ.ഡി, ആദായനികുതി വകുപ്പ്, സി.ബി.ഐ, എഫ്.‌സി.ആര്‍.എ വിഭാഗം എന്നിവരുടെ യോഗം വിളിച്ചിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എസ്.എഫ്.ജെ, ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗേഴ്സ് ഫോഴ്സ് തുടങ്ങിയ സംഘടനകളുടെ ധനസഹായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചതായും വിവരങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here