ഫിലിംസ് ഡിവിഷന്, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്, നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നിവ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
ആറുമാസം മുമ്ബ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് ചലച്ചിത്രനിര്‍മ്മാണം, ചലച്ചിത്രോത്സവം, ചലച്ചിത്ര പൈതൃകം, ചലച്ചിത്ര വിജ്ഞാനം എന്നിങ്ങനെ നാല് വ്യത്യസ്ത ശാഖകള്‍ ഉള്ള ഒരു സ്ഥാപനം സൃഷ്ടിക്കാന്‍ ശുപാര്‍ശ ചെയ്തത്.
ലയിപ്പിക്കുന്ന സ്ഥാപനങ്ങളിലെ ആസ്തികളും ജീവനക്കാരെയും കൈമാറുന്നതിനെക്കുറിച്ച് ട്രാന്സാക്ഷന് ഉപദേഷ്ടാവും നിയമ ഉപദേഷ്ടാവും നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും ലയനത്തിനുള്ള എല്ലാ വശങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ കെ.എസ്. ധത്വാലിയ ട്വിറ്ററിലൂടെ അറിയിച്ചു. നാല് സ്ഥാപനങ്ങളിലെയും ജീവനക്കാരെ പൂര്‍ണ്ണമായി ഉള്‍കൊള്ളിക്കുമെന്നും ഒരു ജീവനക്കാരെയും പിരിച്ചുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഫിലിം ഡവലപ്മെന്റ് കോര്പ്പറേഷന്, ഫിലിംസ് ഡിവിഷന്, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ, സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്, നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ എന്നിവയുടെ വികസനത്തിനായി പ്രത്യേക രൂപരേഖയും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. വാണിജ്യസിനിമകള്‍ നിര്‍മ്മിക്കുന്നതിന് സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിനുള്ള ഫിലിം പ്രൊമോഷന് ഫണ്ടും ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നു.