നെയ്യാറ്റിൻകരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കുടുംബത്തിന് വീട് വെച്ചു നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് ഇതു സംബന്ധിച്ച് ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപനം നടത്തിയത്. ”അവന്‍റെ ഉറ്റവർ ജീവനോടെയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നമ്മുക്ക് ആർക്കും സാധിച്ചില്ല . ആ കുറ്റബോധത്തോടെ തന്നെ ഇവർക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ്സ് ഏറ്റെടുക്കുന്നു”. ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സംഭവം നടന്ന ദിവസം ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വന്നു. സ്റ്റേ ഓർഡർ വരുമെന്നറിഞ്ഞിട്ടാണ് പോലീസ് തിടുക്കപ്പെട്ട് നീക്കം നടത്തിയതെന്ന് കുടുംബം ആരേപിച്ചു. അതിനിടെ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അച്ഛൻ രാജൻ മരിച്ചതിന് പിന്നാലെ അമ്മ അമ്പിളിയെയും കുടുംബത്തിന് നഷ്ടമായി. രാജന്‍റെ സംസ്കാര ചടങ്ങുകൾ നടന്ന ശേഷമായിരുന്നു അമ്പിളി ജീവൻ വെടിഞ്ഞത്‌. അച്ഛനെ അടക്കം ചെയ്യാൻ കുഴിവെട്ടിയത് 17കാരനായ മകൻ രഞ്ജിത്തായിരുന്നു. തർക്കഭൂമിയിൽ കുഴിയെടുക്കുന്നതിനിടെ പോലീസ് ഇത് തടയാൻ ശ്രമിച്ചെന്നും ആരോപണമുയർന്നു.

ഹൈക്കോടതിയിൽ നിന്നും മണിക്കൂറുകൾക്കകം സ്റ്റേ ഓർഡർ വരുമെന്ന് മുൻകൂട്ടി അറിഞ്ഞാണ് പോലീസ് അവിടെ എത്തി തങ്ങളെ ഒഴിപ്പിക്കാൻ ശ്രമിച്ചതെന്നും മക്കൾ പറയുന്നുണ്ട്. പോലീസിന്‍റെ തിടുക്കമാണ് സകല പ്രശ്നങ്ങൾക്കും കാരണമായി കുടുംബം ചൂണ്ടിക്കാണിക്കുന്നത്. ഗ്രേഡ് എസ്.ഐ അനിൽ കുമാറാണ് ലൈറ്റർ പിടിച്ചു വാങ്ങാൻ ശ്രമിച്ചത്. ഇതിനിടയിലാണ് തീപിടിച്ചതെന്നാണ് ആരോപണം. അയല്‍വാസിക്കും പോലീസിനുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനാണ് മക്കളുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here