തിരുവനന്തപുരം നെയ്യാറ്റിന്‍കര മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദമ്പതിമാരിൽ ഭാര്യയും മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി അമ്പിളി മരിച്ചത്. അമ്പിളിയുടെ ഭർത്താവ് രാജൻ നേരത്തേ മരണപ്പെട്ടിരുന്നു.
കോടതി വിധി പ്രകാരം ഭൂമി ഒഴിപ്പിക്കൽ നടപടിക്കെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ വെച്ചാണ് ഇരുവരും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പോലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ പോലീസെത്തിയത്. അയല്‍വാസി വസന്തയുടെ പരാതിയിലായിരുന്നു നടപടി. മൂന്ന് സെന്റ് പുരയിടം രാജന് കൈയേറിയതായി കാണിച്ചാണ് വസന്ത പരാതി നല്‍കിയത്. കേസില്‍ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍നിന്ന് വസന്ത അനുകൂല വിധി നേടി. എന്നാല്‍ പിന്നീടും പുരയിടത്തില്‍ രാജന് നിര്‍മാണ പ്രവര്‍ത്തനം നടത്തിയതോടെ ജൂണില്‍ കോടതി കമ്മീഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രാജന് എതിര്‍ത്തതോടെ നടപടി പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്നാണ് പോലീസിനൊപ്പം സംഘം ഒഴിപ്പിക്കാന്‍ എത്തിയത്. അതേസമയം, സംഭവത്തില്‍ പോലീസുകാര്‍ക്കും അയല്‍വാസിയായ വസന്തക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് രാജന്റെ മക്കള്‍ ആവശ്യപ്പെട്ടു.