കൊവിഡ് മുക്ത ന്യൂസീലാൻഡിന് തിരിച്ചടി; മാസങ്ങൾക്കു ശേഷം വീണ്ടും ‘സമൂഹവ്യാപനം’

വില്ലിങ്ടൺ: രാജ്യത്ത് കൊവിഡ് 19 ബാധ പൂര്‍ണമായും തുടച്ചു നീക്കി മാസങ്ങള്‍ക്ക് ശേഷം ന്യൂസീലാൻഡിൽ വീണ്ടും കൊവിഡ് സമൂഹവ്യാപനം. വിദേശത്തു നിന്ന് തിരിച്ചെത്തിയ ഒരു സ്ത്രീയിലൂടെയാണ് പ്രദേശത്ത് മറ്റുള്ളവരിലേയ്ക്ക് രോഗം പകര്‍ന്നതെന്നാണ് അധികൃതരുടെ നിഗമനം. ലോകത്തു തന്നെ ഏറ്റവും ഫലപ്രദമായി കൊവിഡ് മഹാമാരി നിയന്ത്രിച്ച രാജ്യമാണ് ന്യൂസീലാൻഡ്.

വിദേശത്തു നിന്ന് തിരിച്ചെത്തിയ ഒരു 56കാരിയ്ക്ക് ഡിസംബര്‍ 30നായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെത്തിയ ശേഷം രണ്ട് തവണ പരിശോധന നടത്തി നെഗറ്റീഫ് ഫലം ലഭിച്ചെങ്കിലും രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറൻ്റൈൻ അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

മറ്റുള്ളവരിലേയ്ക്ക് പകരാൻ കൂടുതൽ സാധ്യതയുള്ള കൊവിഡിൻ്റെ യുകെ, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങളിലൊന്നാണ് ഇവരിൽ സ്ഥിരീകരിച്ചതെന്നാണ് സംശയിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയ ഡയറക്ടര്‍ ജനറൽ ആഷ്‍ലി ബ്ലൂംഫീൽഡ് വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, ഈ സ്ത്രീയ്ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്നോ രാജ്യത്ത് എത്തിയ ശേഷമാണോ വൈറസ് ബാധയുണ്ടായെന്നോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹവ്യാപനത്തിനുള്ള സാധ്യതയെന്ന നിലയിലാണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു.

അൻപതു ലക്ഷത്തോളം ജനസംഖ്യയുള്ള രാജ്യത്ത് ആകെ 1927 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധയുണ്ടായത്. എന്നാൽ ലോകത്ത് മറ്റു പലയിടങ്ങളിലും പുതിയ ജനിതക വകഭേദങ്ങള്‍ അടക്കം വൈറസ് ബാധ വര്‍ധിച്ചതോടെ കൊവിഡ് രാജ്യത്ത് തിരിച്ചെത്തുമോ എന്ന ആശങ്കയിലാണ് ന്യൂസീലാൻഡ് സര്‍ക്കാര്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ 18നായിരുന്നു ന്യൂസീലാൻഡിൽ അവസാനമായി കൊവിഡ് 19 സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. ദ്വീപരാഷ്ട്രമായ ന്യൂസീലാൻഡിൽ മറ്റിടങ്ങളിൽ നിന്ന് വൈറസ് എത്താൻ സാധ്യത കുറവാണെന്നതിനു പുറമെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ കൂടി ഫലം കണ്ടതോടെ കൊവിഡ് വ്യാപനം പൂര്‍ണമായി അവസാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here