തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ എസ്.എഫ്.ഐയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നേരെ കണ്ണടച്ചെന്ന് ആരോപണം ഉയരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത പരിപാടിയിലാണ് കൊവിഡ് നിയന്ത്രണങ്ങളുടെ നഗ്നമായ ലംഘനം നടന്നത്.
പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ അടുക്കിയിട്ട കസേരകളില്‍ സാമൂഹിക അകലം പാലിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ നിറഞ്ഞത്.. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍. വേദിയില്‍ ഇരുപതോളം പേര്. എസ്എഫ്ഐയുടെ പിറന്നാള്‍ ആഘോഷത്തിന് സംസ്ഥാന സര്‍ക്കാര്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പൊതുജനങ്ങള്‍ക്കുള്ള ഒ ചട്ടങ്ങളും നിയമങ്ങളും ബാധകമായില്ല എന്നാണ് വിമര്‍ശനമുയരുന്നത്. പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ഒന്നുംമിണ്ടിയില്ല. മേയര്‍ ആര്യ രാജേന്ദ്രനും എസ്എഫ്ഐയുടെ പഴയകാല നേതാക്കളും സമ്മേളനത്തിനെത്തി. ചടങ്ങില്‍ എസ്എഫ്ഐയുടെ ചരിത്രം വിവരിക്കുന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.