ഡല്‍ഹി: ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ വേര്‍ഷന്‍ പടര്‍ന്നുപിടിക്കുന്നതില്‍ രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. സര്‍ക്കാര്‍ ജാഗ്രതയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ല. എല്ലാക്കാര്യത്തിലും സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്നത് മുഴുവന്‍ ഭാവന കലര്‍ന്ന സാഹചര്യവും സംസാരങ്ജളും ആശങ്കയുമാണ്. അതില്‍ നിങ്ങളെ ഉള്‍പ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല.- ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. പുതിയ പകര്‍ച്ചവ്യാധിയെ കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒരു വര്‍ഷമായി കൊവിഡ് 19 സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഇന്ത്യയും ബ്രിട്ടണുമായുള്ള വിമാന സര്‍വീസുകള്‍ 31 വരെ നിര്‍ത്തിവച്ചു. ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള എയര്‍ ബബിള്‍ സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ബ്രിട്ടണില്‍ നിന്നും ഈ ദിവസങ്ങളില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ളവര്‍ ആര്‍.ടി-പിസിആര്‍ ടെസ്റ്റുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പുതിയ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലണ്ടനിലും രാജ്യത്തിന്റെ പല ഭാഗത്തും ബ്രിട്ടീഷ് സര്‍ക്കാര്‍ ശനിയാഴ്ച അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. സതേണ്‍ ഇംഗ്ലണ്ടില്‍ ക്രിസ്മസ് ഷോപ്പിംഗും കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ട് നിലവിലുള്ള കൊറോണ വൈറസിനേക്കാള്‍ 70% മാരകമാണ് പുതിയ വൈറസ്. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ബ്രിട്ടണില്‍ നിന്നുള്ള യാത്രികര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്, ബെല്‍ജിയം, ഓസ്ട്രിയ, അയര്‍ലാന്‍ഡ്, ബള്‍ഗേറിയ തുടങ്ങിയവയാണ് ഇതിനകം വിലക്ക് ഏര്‍പ്പെടുത്തിയത്. നോര്‍വേ അടക്കം ഇതിനകം സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here