ആക്ടിംഗ് ചെയര്‍മാന്റെ ആക്ഷനുകള്‍ അസഹനീയം, പുതിയമനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ നിയമിക്കാന്‍ സര്‍ക്കാര്‍ ആക്ഷന്‍

0

തിരുവനന്തപുരം: ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസിന്റെ കസേരയ്ക്ക് ആയുസ് നിശ്ചയിച്ച് പിണറായി സര്‍ക്കാര്‍.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കാനുള്ള ശ്രമം തുടങ്ങി. മേയ് 30ന് ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുന്ന ഇദ്ദേഹം ജൂണില്‍ കമ്മിഷന്‍ ചെയര്‍മാന്‍ പദവി ഏറ്റെടുത്തേക്കും.

മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസിന്റെ നിലപാടുകളും വിധികളും സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിന് വഴിവച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പി. മോഹന്‍ദാസും തമ്മിലുള്ള വാക്‌പോരിലേക്ക് വരാപ്പുഴ സംഭവം നീങ്ങുകയും ചെയ്തു. വരാപ്പുഴ കേസില്‍ ആരോപണവിധേയനായ മുന്‍ എസ്.പി: എ.വി. ജോര്‍ജിനെ പോലീസ് അക്കാഡമിയില്‍ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതിനെയും മോഹനദാസ് വിമര്‍ശിച്ചു. അതിനു പിന്നാലെ വിദേശ വനിതയുടെ മൃതദേഹം സംസ്‌കരിക്കുന്നതിലും മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലുണ്ടായി.

കോവളത്തു കൊല്ലപ്പെട്ട വിദേശവനിതയുടെ സംസ്‌കാരം തടയാന്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നിര്‍ദേശം നല്‍കിയ കമ്മിഷന്‍, ബലാത്സംഗത്തിനിരയായ യുവതിയുടെ പേര് ഉത്തരവില്‍ പരാമര്‍ശിക്കുകയും ചെയ്തു. മനുഷ്യത്വം തീണ്ടാത്ത കമ്മിഷനായി മനുഷ്യാവകാശ കമ്മിഷന്‍ മാറിയെന്നു സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി പരിഹസിക്കുകയും ചെയ്തു.

ഇതിനെല്ലാം പിന്നാലൊണ് ജസ്റ്റിസ് ജെ.ബി. കോശിയുടെ പിന്‍ഗാമിയെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുന്നത്. 2016 ഓഗസ്റ്റില്‍ ജസ്റ്റിസ് ജെ.ബി. കോശി വിരമിച്ചന്നു മുതല്‍ ജസ്റ്റിസ് പി. മോഹന്‍ദാസ് ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. കെ. മോഹന്‍കുമാറാണ് നോണ്‍ ജുഡീഷ്യല്‍ അംഗം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here